വത്തിക്കാന്‍: കുടുംബങ്ങളില്‍ മൂല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വൈദികരും പിതാക്കന്‍മാരുമടക്കമുള്ളവര്‍ക്ക് പങ്കുണ്ട്. സഭയുടെ അജപാലന ശുശ്രൂഷയില്‍ വന്ന പാളിച്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കുടുംബങ്ങളെ സ്‌നേഹപൂര്‍വം അനുധാവനം ചെയ്യാനും വേണ്ട ആത്മീയ പരിചരണം നല്‍കാനും ശുശ്രൂഷകര്‍ക്ക് കഴിയണം. കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ ആത്മീയ ബോധ്യം അവര്‍ക്ക് പകരണം. മതബോധനവും സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണം. ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്. കുടുംബങ്ങളുടെ വീണ്ടെടുപ്പിനുള്ള ഉപാധികള്‍ ഭാരതീയ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ലൈംഗിക അരാജകത്വം അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭാ സിനഡില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് കര്‍ദ്ദിനാള്‍ നിലപാട് വ്യക്തമാക്കിയത്.ഇത്തരക്കാരെ അംഗീകാരിക്കാനല്ല, വീണ്ടെടുക്കാനാണ് സഭ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സഭയുമായി ബന്ധപ്പെട്ട അഴിമതികളുടെയും വിവാദങ്ങളുടെയും പേരില്‍ താന്‍ മാപ്പ് ചോദിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു. ഭരണതലത്തില്‍ സഭയിലുണ്ടായിട്ടുള്ള പ്രതസന്ധികളില്‍ താന്‍ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.സിനഡിന് പുറത്ത്് മാര്‍പാപ്പ പ്രസംഗിച്ച കാര്യങ്ങള്‍ക്ക് സിനഡുമായി ബന്ധമില്ലെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ പിന്നീട് വിശദീകരിച്ചു.
സിനഡില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് നിഷേധിച്ചു. സത്യത്തിലേക്കുള്ള അന്വേഷണമാണ് സിനഡിലെ ചര്‍ച്ചകള്‍. ദൈവഹിതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കപ്പെടേണ്ടിവരുന്നത് സ്വാഭാവികമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കര്‍ദ്ദിനാള്‍ പ്രതികരിച്ചത്.
അതേസമയം സിനഡിന്റെ നടപടിക്രമങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി 13 പിതാക്കന്‍മാര്‍ പാപ്പയ്ക്ക് നല്‍കിയ കത്ത് പുറത്തായത് സിനഡില്‍ ചര്‍ച്ചയായി. പാപ്പ ഇതില്‍ തന്റെ ദുഃഖം പ്രകടിപ്പിച്ചതായാണ് സൂചന. വത്തിക്കാന്‍ വിശ്വാസ കാര്യാലയ തലവന്‍ കര്‍ദ്ദിനാള്‍ ഗെഹാദ് മുള്ളര്‍, കത്ത് ചോര്‍ന്നത് നിര്‍ഭാഗ്യകരമായി പോയെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. സിനഡിലെ പത്തും പതിനൊന്നും പൊതുകൂട്ടായ്മകള്‍ വ്യാഴാഴ്ച നടന്നു. ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ സിനഡിന്റെ പ്രവര്‍ത്തന രേഖയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.