സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം അന്വേഷിക്കാന്‍ പ്രത്യേക സമിതി; മാര്‍ ആലഞ്ചേരി വെട്ടിലാകും; വത്തിക്കാന്റെ ഇടപെടല്‍

കണ്ണൂര്‍: സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം അന്വേഷിക്കാന്‍ പ്രത്യേക സമിതി. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ് ഭൂമി കുംഭകോണം നടന്നത്. കുഭകോണം നടന്നത് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തിലാണെന്ന ആരോപണം അന്വേഷിക്കാന്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സമിതിയെ വച്ചത്.

അന്വേഷണ സമിതിയെ സംബന്ധിച്ച് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് ഉത്തരവിറക്കി. രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി കണ്‍വീനറായി അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. മാര്‍ ആലഞ്ചേരിയുടെ സ്വാധീനത്തിലാണോ ഭൂമി കുംഭകോണം നടന്നതെന്ന് അന്വേഷിക്കുന്നത് സഭയില്‍ കോളിളക്കമുണ്ടാക്കുന്ന സംഗതിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കുസാറ്റ് അധ്യാപകന്‍ ഡോ. സാം തോമസ്, ഹൈകോടതി അഭിഭാഷകന്‍ അഡ്വ. അബ്രഹാം കെ. തോമസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.ജെ. റോമിഡ്, വൈദികന്‍ ഡോ. ജോര്‍ജ് അരീക്കല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. അനധികൃതമോ കണക്കില്‍പെടാത്തതോ ആയ പണമിടപാട് നടന്നോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക.

2013 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള അതിരൂപതയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. അതിരൂപതയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിലുടനീളം രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതക്കുണ്ടായ കടങ്ങള്‍ വീട്ടാനാണ് സീറോ മലബാര്‍ സഭയുടെ മൂന്നേക്കര്‍ മുപ്പത് സന്റെ് ഭൂമി വില്‍ക്കാന്‍ വൈദിക സമിതി ഫിനാന്‍സ് ഓഫിസറായിരുന്ന വൈദികനെ ചുമതലപ്പെടുത്തിയത്. കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ ഭൂമി വില്‍ക്കാനായിരുന്നു തീരുമാനം. വില്‍പനക്കായി സാജു വര്‍ഗീസ് എന്നയാളെ ചുമതലപ്പെടുത്തി. 27 കോടിക്ക് കരാര്‍ തയാറാക്കി. എന്നാല്‍, സ്ഥലംവിറ്റ സാജു സഭക്ക് ആകെ കൈമാറിയത് ഒമ്പത് കോടി മാത്രമാണ്.

ബാക്കി തുകക്ക് പകരമായി മലയോരത്ത് സാജുവിന്റെ ഉടമസ്ഥതയിലുള്ള 46 ഏക്കര്‍ ഭൂമി കര്‍ദിനാള്‍ ആലഞ്ചേരിയുടെ പേരില്‍ ഈടായി നല്‍കി. സാജുവിന്റെ കൈയിലായ സഭയുടെ ഭൂമി ആഴ്ചകള്‍ക്കകം മൂന്നിരട്ടി ലാഭത്തിന് മറ്റ് പലര്‍ക്കായി മറിച്ചുവിറ്റു. കൂടുതല്‍ തുക കിട്ടേണ്ട ഭൂമി കുറഞ്ഞ വിലക്ക് കച്ചവടമാക്കിയതും പറഞ്ഞുറപ്പിച്ച തുകതന്നെ മുഴുവന്‍ ലഭിക്കുന്നതിന് മുമ്പ് ആര്‍ച്ച് ബിഷപ് ആധാരങ്ങള്‍ ഒപ്പിട്ട് നല്‍കിയതുമാണ് വിവാദമായത്. ഭൂമി വില്‍പനയില്‍ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വൈദികരും രംഗത്തെത്തിയിരുന്നു.

Top