കൊച്ചി: പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സ്ഥാനമേറ്റു. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്താ ദിക്വാത്രോ എന്നിവർക്കൊപ്പം മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സാക്ഷിയാക്കിയായിരുന്നു സ്ഥാനാരോഹണം.
സമൂഹബലിയിൽ മുഖ്യകാർമികനായ മാർ ജേക്കബ് മനത്തോടത്ത് സഹകാർമികർക്കൊപ്പം പ്രദക്ഷിണമായാണ് അൾത്താരയിലേക്കെത്തിയത്. കത്തീഡ്രൽ വികാരി ഫാ. ഡേവിസ് മാടവന മെത്രാന്മാരെയും മറ്റുള്ളവരെയും സ്വാഗതം ചെയ്തു. സീറോ മലബാർ കൂരിയ ചാൻസലർ റവ. ഡോ. ആന്‍റണി കൊള്ളന്നൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപത പ്രോ ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ അതിന്‍റെ പരിഭാഷയും വായിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആമുഖസന്ദേശം നൽകി. വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തിന്‍റെ അധ്യക്ഷൻ കർദിനാൾ ലെയണാർഡോ സാന്ദ്രിയുടെ സന്ദേശം വായിച്ച ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്താ ദിക്വാത്രോ ദിവ്യബലിയിൽ വചനസന്ദേശം നൽകി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതിലൂടെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ ഭരണപരമായ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷയെന്നു കർദിനാൾ സാന്ദ്രി സന്ദേശത്തിൽ പറഞ്ഞു. അതിരൂപതയിൽ കൂട്ടായ്മയും സമാധാനവും പുനഃസ്ഥാപിക്കാനും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, അതിരൂപത പ്രോ പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ, പ്രോ ചാൻസലർ റവ.ഡോ. ജോസ് പൊള്ളയിൽ, റവ. ഡോ. ആന്‍റണി നരികുളം, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോ പ്പൽ കൂരിയ ചാൻസലർ റവ.ഡോ. ആന്‍റണി കൊള്ളന്നൂർ, ഫാ. വർഗീസ് ഞാളിയത്ത് എന്നിവർ സഹകാർമികരായിരുന്നു.
ദിവ്യബലിക്കുശേഷം ബിഷപ് മാർ മനത്തോടത്ത് വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞ ചൊല്ലി നിയമനരേഖയിൽ ഒപ്പുവച്ചു. ശ്രമകരമായ തന്‍റെ ദൗത്യം ഫലപ്രദമായി നിർവഹിക്കാൻ ഏവരുടെയും പ്രാർഥനകളും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്നു നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ആർച്ച്ബിഷപ് ഡോ .ജാംബത്തിസ്താ ദിക്വാത്രോയ്ക്കു മേജർ ആർച്ച്ബിഷപ് ബൊക്കെ നൽകി.
ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു. താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കെ.വി. തോമസ് എംപി, റോജി എം.ജോണ്‍ എംഎൽഎ, അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായ പ്രതിനിധികൾ, മത, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്ക് ആശംസകൾ നേരാനെത്തി.
പൗരസ്ത്യ തിരുസംഘം നല്കിയ സന്ദേശം:
(Encl. 3 to the letter Prot N. 157/2018)
പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് അയച്ച സന്ദേശത്തിന്‍റെ പരിഭാഷ.
സീറോ മലബാർ സഭയുടെമേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, എറണാകുളം – അങ്കമാലി മെട്രോപ്പോളിറ്റൻ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, അഭിവന്ദ്യപിതാക്കന്മാരെ, ബഹുമാനപ്പെട്ട വൈദികരേ, വന്ദ്യ സന്യസ്തരേ, മിശിഹായിൽ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
എറണാകുളം – അങ്കമാലി മെട്രോപ്പോളിറ്റൻ അതിരൂപത യുടെ ആത്മീയവും ഭൗതികവുമായ നന്മ പരിഗണിച്ചും മേജർ ആർച്ച്ബിഷപ് അത്യുന്നത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദേശം സ്വാഗതം ചെയ്തും പെർമനന്‍റ് സിനഡിലെ മെത്രാന്മാരുടെ അഭിപ്രായം ചോദിച്ചറിഞ്ഞും മേജർ ആർച്ച്ബിഷപ്പും വൈദികരുമായുള്ള ഐക്യം പുനഃസ്ഥാപിക്കാനും ചില ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഒരു സേഡേ പ്ലേന (രൂപതാധ്യക്ഷൻ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കെയുള്ള) അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നാമനിർദേശം ചെയ്യുന്നതിനു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയോടു നിർദേശിക്കുന്നത് ഉചിതമാണെന്ന് പൗരസ്ത്യസഭകൾക്കുള്ള തിരുസംഘം നിശ്ചയിച്ചു.
ഇതുപ്രകാരം 2018 ജൂൺ ഒന്പതിനു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, പാലക്കാട് രൂപതയുടെ ബിഷപ് അഭിവന്ദ്യ ജേക്കബ് മാനത്തോടത്തിനെ എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സേഡേ പ്ലേന ആയി ആ പദവിക്കനുസൃതമായ ചുമതലകളോടും അധികാരത്തോടും കൂടി നിയമിച്ചു. ഈ നടപടി എറണാകുളം – അങ്കമാലി അതിരൂപതയ്ക്കു മാത്രം ബാധകമാണ്. അതിനാൽ അഭിവന്ദ്യ കർദിനാൾ ജോർജ് ആലഞ്ചേരി സീറോ – മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തുടരുന്നു.
അപ്പസ്തോലിക് അഡ്മിനിട്രേറ്റർ സ്ഥാനമേല്ക്കുന്നതോടെ എല്ലാ അതിരൂപതാ സമിതികളും പദവികളും (ഉദാ: ബർസാർ, ഫിനാൻസ് കൗൺസിൽ, വൈദിക സമിതി, ആലോചനാ സമിതി) താൽക്കാലികമായി മരവിപ്പിച്ചു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കു സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ഈ ചുമതലകൾ വഹിക്കുന്നവരെ നിലനിർത്തുകയോ മാറ്റി പകരമാൾക്കാരെ നിയമിക്കുകയോ പദവികൾ സ്വയം ഏറ്റെടുക്കുകയോ ചെയ്യാം.
അതുപോലെ എറണാകുളം – അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാർക്ക് (പൊതുസഭാ നിയമം വഴിയോ സഭയുടെ പ്രത്യേക നിയമം വഴിയോ അഭിവന്ദ്യ കർദിനാൾ മാർ ആലഞ്ചേരി വിട്ടു നല്കിയോ) സിദ്ധിച്ചിട്ടുള്ള എല്ലാ അധികാരങ്ങളും മരവിപ്പിച്ചിരിക്കുന്നു.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ പദവി അതിന്‍റെ സ്വഭാവത്താലേ തന്നെ താത്കാലികമാണ്. എല്ലാവരുടെയും കൂട്ടായും ആത്മാർഥമായും ഉള്ള സഹകരണത്തിലൂടെ, നമ്മുടെ പ്രിയപ്പെട്ട എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭരണപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു മാത്രമല്ല സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് ശ്ലൈഹിക സിംഹാസനം പ്രതീക്ഷിക്കുന്നു.ഉത്ഥിതനായ കർത്താവും സഭയുടെ അമ്മയായ പരിശുദ്ധ മറിയവും മാർത്തോമ്മാ ശ്ലീഹായും നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
വത്തിക്കാൻസിറ്റി
2018 ജൂൺ 22