കൊച്ചി : സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിൽ അതിരൂപതയ്ക്കു വേണ്ടിയുള്ള തന്റെ വികാരിയായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു . മാർപാപ്പയാണ് പാംപ്ലാനിയെ നിയമിച്ചത്.കുർബാന തർക്കം സംഘർഷത്തിലേക്ക് വരെ എത്തിച്ച എറണാകുളം – അങ്കമാലി അതിരൂപതയിൽ ഇതോടെ ഭരണമാറ്റം ഉണ്ടായത്.ആർച്ച് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് മേജർ ആർച്ച് ബിഷപ്പ് വികാരിയായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചത്.
ചില ആരോഗ്യ കാരണങ്ങളാൽ ബോസ്‌കോ പുത്തൂർ സെപ്റ്റംബറിൽ രാജി സമർപ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ രാജി മാർപാപ്പ സ്വീകരിച്ചു. അഡ്മിനിസ്‌ട്രേറ്റർ ഭരണവും അഡ്മിനിസ്‌ട്രേറ്ററുടെ നിയമനവും സംബന്ധിച്ച പ്രശ്‌നങ്ങൾ അതിരൂപതയിൽ തർക്കത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിപ്പിച്ചത്. വിമത വിഭാഗത്തെക്കൂടി വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാൻ പാംപ്ലാനിക്ക് കഴിയുമെന്നാണ് സഭയുടെ വിലയിരുത്തൽ.
അതേസമയം, കുര്‍ബാന തര്‍ത്തത്തില്‍ വിമത വൈദികരുടെ പ്രതിഷേധത്തില്‍ സിറോ മലബാര്‍സഭ അതിരൂപതാ ആസ്ഥാനം മണിക്കൂറുകളോളം സംഘര്‍ഷവേദിയായി.പ്രധാന കവാടം പൊളിച്ച് തള്ളിക്കയറാൻ ശ്രമിച്ച വൈദികരെയും വിശ്വാസികളെയും പൊലീസ് തടഞ്ഞു.ബിഷപ്പ് ഹൗസില്‍ ഇരുവിഭാഗവുമായി എഡിഎം ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല.വൈദികരുടെ അറസ്റ്റിലേക്ക് നീങ്ങിയാല്‍ നാളെ പള്ളികളില്‍ കുര്‍ബാന മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്.
ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിലേക്ക് കന്യാസ്ത്രീകളും എത്തിയിരുന്നു. പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ലാത്തി ചാര്‍ജില്‍ വൈദികന്റെ കൈ ഒടിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണില്‍ ചര്‍ച്ച നടത്തി. സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധമായി പ്രാര്‍ത്ഥനാ യജ്ഞം നടത്തിയതില്‍ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.
ജനുവരി 6 മുതൽ 11 വരെ നടന്ന 33–ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ജോസഫ് മാർ പാംപ്ലാനിയെ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി തിരഞ്ഞെടുത്തത്. തലശേരി രൂപത ബിഷപ്പ് പദവിക്കു പുറമെയാണ് പുതിയ പദവി. 2023 ഡിസംബര്‍ ഏഴിനാണ് മാർ ബോസ്കോ പുത്തൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തത്. 2024 സെപ്റ്റംബറിൽ ആരോഗ്യകാരണങ്ങളാൽ അദ്ദേഹം തന്റെ രാജി സമർപ്പിച്ചിരുന്നു. ഇതാണ് മാർപ്പാപ്പ അംഗീകരിച്ചത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെ രാജി സ്വീകരിച്ചതോടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മേജർ ആര്‍ച്ച് ബിഷപ്പിനെ മാർപ്പാപ്പ ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്താനുള്ള ചുമതല നൽകിക്കൊണ്ട് മാർ ജോസഫ് പാംപ്ലാനിയെ വികാരിയായി നിയമിച്ചത്. സിനഡ് അംഗീകരിച്ച മാർഗരേഖ അനുസരിച്ചായിരിക്കും മേജർ ആർച്ച് ബിഷപ്പിന്റെ വികാരി ഭരണനിർവഹണം നടത്തുന്നത്.