കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള മേൽനോട്ടത്തിന് ഒൻപതംഗ സംഘത്തെ രൂപീകരിച്ചു. എന്നാൽ മരടിലെ ഒഴിപ്പിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് മനുഷ്യത്വ വിരുദ്ധമെന്ന് ഫ്ലാറ്റുടമകൾ ആരോപിച്ചു .സുപ്രീംകോടതി വിധി വരാനിരിക്കെ എന്തിനാണ് തിടുക്കമെന്നാണ് ഉടമകളുടെ ചോദ്യം.ഫ്‌ലാറ്റ് പൊളിക്കാൻ നിയോഗിച്ച എൻജിനീയർമാരായ ഇവരുമായി നാളെ സബ് കലക്ടർ ചർച്ച നടത്തും. ഫ്ലാറ്റ് പൊളിക്കാൻ താൽപര്യപ്പെട്ട 15 കമ്പനികളുമായുള്ള ചർച്ചയും നാളെയാണ്. മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ലാറ്റ് ഉടമകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്. മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കാൻ ഇതുവരെ എന്തു ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും സർക്കാർ നാളെ സുപ്രീം കോടതിയിൽ ബോധിപ്പിക്കണം. സുപ്രീം കോടതിയുടെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടി സർക്കാർ ഊർജിതമാക്കി.നാലു ഫ്ലാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചു. പുലർച്ചെ അഞ്ചുമണിക്ക് വൻ പൊലീസ് സന്നാഹത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുകയായിരുന്നു. പാചകവാതക വിതരണവും ടെലിഫോൺ ബന്ധവും നാളെ മുതൽ നിർത്തലാക്കും.
അതേസമയം മരടിലെ ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധവും വെള്ളവും വിച്ഛേദിച്ചിട്ടും ഒഴിയാൻ തയാറല്ലെന്നു വ്യക്തമാക്കി ഫ്ളാറ്റ് ഉടമകൾ. ഡീസൽ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണു ഫ്ളാറ്റ് ഉടമകൾ പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുന്നത്.തീരനിയമ ലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. മൂന്നു ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണമാണു നിർത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാലു ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തു വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ജലവിതരണം വിച്ഛേദിക്കാൻ വാട്ടർ അഥോറിറ്റിക്കു മരട് നഗരസഭ നേരത്തെ കത്തു നൽകിയിരുന്നു.