തിരുവനന്തപുരം: മാരാമൺ കൺവെൻഷനിലേക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ഒഴിവാക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പിജെ കുര്യൻ. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സഭാംഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പിജെ കുര്യൻ വിശദമാക്കി. സംഭവിച്ചത് കമ്യൂണിക്കേഷൻ ഗ്യാപ്പെന്ന് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുണ്ടെന്നും കുര്യൻ ചൂണ്ടിക്കാട്ടി.
അതേസമയം മാരാമൺ കൺവെൻഷൻ വേദിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ കൂടുതൽ വിശിദീകരണവുമായി മാർത്തോമ്മ സഭ നേതൃത്വം. സതീശനെ കൺവൻഷനിലേക്ക് ക്ഷണിച്ചതായി സഭയ്‌ക്കോ സുവിശേഷ സംഘത്തിനോ അറിവില്ലന്ന് മാർത്തോമ്മ സഭ നേതൃത്വം വ്യക്തമാക്കി.പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും ക്ഷണിച്ചു എന്ന വാർത്തയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണം എന്നും സഭാ നേതൃത്വം അഭിപ്രായപ്പെട്ടു.
ആരൊക്കെയാണ് യുവവേദിയിൽ പങ്കെടുക്കുന്നത് എന്നതിനെപ്പറ്റി അന്തിമ പട്ടിക ആയിട്ടില്ല. രാഷ്‌ട്രീയ വിവാദങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് കൺവൻഷൻ മുന്നോട്ട് പോകും എന്നും മാർത്തോമാ സുവിശേഷ പ്രസംഗതിനു എല്ലാ ക്രമീകരണവും ഉണ്ട് എന്നും സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ എബി കെ ജോഷ്വാ വ്യക്തമാക്കി. ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്ന് ആദ്യം മുതൽ തന്നെ പറയുന്നുണ്ട് എന്ന് വി ഡി സതീശനെ ക്ഷണിക്കാത്തിടത്ത് നിഷേധക്കുറിപ്പ് പോലും ഇറക്കേണ്ട ആവശ്യമില്ലന്നും റവ എബി കെ ജോഷ്വാ പറഞ്ഞു.
മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത്.മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്‌ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയിൽ നിന.
മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയിരുന്നു. നേരത്തെ ക്ഷണിച്ചെങ്കിലും മാർത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ആണ് ഒഴിവാക്കിയത്. എന്നാൽ, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു സഭാ നേതൃത്വത്തിന്‍റെ വിശദീകരണം. മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്.
ഫെബ്രുവരി 15 തീയതിയിലേക്ക് സതീശന്‍റെ ഓഫീസ് സമയവും നൽകി. എന്നാൽ, കഴിഞ്ഞദിവസം മാർത്തോമാ സഭ അധ്യക്ഷൻ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയിൽ വി.ഡി. സതീശന്‍റെ പേര് ഉണ്ടായിരുന്നില്ല. സഭയ്ക്കുള്ളിൽ കോൺഗ്രസ് – സിപിഎം തർക്കമാണ് ഒഴിവാക്കലിന് പിന്നിൽ. യുവവേദി പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോൺഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കൾ ചേർന്ന് തയ്യാറാക്കി.
അന്തിമ അനുമതി കിട്ടാൻ മെത്രാപ്പോലീത്തക്ക് സമർപ്പിക്കുകയാണ് കീഴ് വഴക്കം. എന്നാൽ, അതിനിടയിൽ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പെടെ മാരാമൻ കൺവെൻഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുന്നു എന്നത് വാർത്തയായി. മാർത്തോമാ സഭ വി. ഡി സതീശനുമായി കൂടുതൽ അടുക്കുന്നു എന്ന തരത്തിൽ ചർച്ചകളും സജീവമായി. ഇതോടെ സഭയിലെ സിപിഎം അനുകൂലികൾ ഇടഞ്ഞു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കിൽ എം. സ്വരാജ് ഉൾപ്പെടെ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം അവർ ശക്തമാക്കി.
സഭയ്ക്കുള്ളിലെ ആലോചന യോഗങ്ങളിൽ പോലും രൂക്ഷമായ തർക്കമായി. ഇതോടെ സമ്മർദ്ദത്തിൽ ആയ മെത്രാപ്പോലീത്ത വി.ഡി സതീശൻ ഉൾപ്പെട്ട പട്ടിക അപ്പാടെ റദ്ദാക്കി. മറ്റ് സാംസ്കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ പാനൽ തയ്യാറാക്കി വേഗം അംഗീകാരം നൽകി. രാഷ്ട്രീയ വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചതിൽ തിയോടോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കടുത്ത അതൃപ്തിയിൽ ആണ്. ഫെബ്രുവരി 9 മുതൽ 16 വരെയാണ് ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ.
അതേസമയം കോൺഗ്രസ് പുനസംഘടന വിഷയത്തിൽ, അടിമുടി പുനഃസംഘടന വേണമെന്നായിരുന്നു പി ജെ കുര്യന്റെ പ്രതികരണം. കെ സുധാകരൻ മാറണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. നേതാക്കളുടെ അഭിപ്രായ സമന്വയം വേണം. ഒരുപാട് പേരുടെ പേരുകൾ പരിഗണനയിലുണ്ടെന്നും പി ജെ കുര്യൻ പറഞ്ഞു. വി ഡി സതീശന്‍റെ പ്ലാന്‍ 63 ശരിയായ നീക്കമാണെന്നും വി.ഡി സതീശൻ ചെയ്തത് ശരിയാണെന്നും പിജെ കുര്യന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ജോലിയാണ് അത്. അതിനു അവകാശമുണ്ട്. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട ആവശ്യമുണ്ടെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.