ചെന്നൈ: ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാകും മറിയം റഷീദ കോടതിയെ സമീപിക്കുന്നത്. ചാരക്കേസിന് ശേഷം ഫൗസിയ ഹസന്‍ പല മാധ്യമങ്ങളിലും അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെങ്കിലും മറിയം റഷീദ പ്രതികരിക്കാതെ കഴിയുകയായിരുന്നു ഇതുവരെ.
ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്‌റായിരുന്ന എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസ് നല്‍കുക. കസ്റ്റഡിയില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് മറിയം റഷീദ ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേസില്‍ നമ്പി നാരായണന്റെ പേര് പറയാന്‍ വേണ്ടി എന്നെ അവര്‍ കസ്റ്റഡിയില്‍ അതിക്രൂരമായി പീഡിപ്പിച്ചു. ഇതിലൂടെ എനിക്കുണ്ടായ നഷ്ടം വളരെ വലുതാണ് – മറിയം റഷീദ ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ തന്നേയും ഫൗസിയ ഹസനേയും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മാലിയില്‍ പ്‌ളേഗ് പടര്‍ന്ന് പിടിച്ചതിനാല്‍ തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാല്‍, വിജയന്‍ തന്റെ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയും 18 ദിവസത്തിന് ശേഷം അനധികൃത താമസത്തിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കസ്റ്റഡിയില്‍ കൊടിയ മര്‍ദ്ദനമാണ് തനിക്കേറ്റത്. തന്റെ ചാരക്കേസില്‍ കുടുക്കിയാല്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന് വിജയന്‍ കരുതി. ഐ.ബി ഉദ്യോഗസ്ഥരും തന്നെ പീഡിപ്പിച്ചെന്നും എല്ലാവരുടേയും പേരുകള്‍ അറിയില്ലെന്നും മറിയം റഷീദ പറഞ്ഞു.