സ്വന്തം ലേഖകൻ
തൃശ്ശൂർ:കൊച്ചിയിലെ ഫ്‌ളാറ്റിൽ 23 ദിവസസത്തോളം യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. കേസിലെ പ്രതിയായ തൃശൂർ മുണ്ടൂർ സ്വദേശിയായ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരെയാണ് പിടികൂടിയത്.
മാർട്ടിൻ ജോസഫിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് തൃശ്ശൂരിൽ പൊലീസ് പിടിയിലായത്. ഇവർ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് മാർട്ടിനും യുവതിയും പരിചയത്തിലായത്. അതിനു ശേഷം കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെ മുൻപരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുകയായിരുന്നു.ഒരു വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ 22 ദിവസമാണ് മാർട്ടിൻ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.
ഭക്ഷണം വാങ്ങുന്നതിനായി മാർട്ടിൻ പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാർട്ടിൻ നിരന്തരം വിളിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മർദനത്തിന് പുറമെ കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു.