പാലക്കാട് 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ പൊലീസ് പിടിയിൽ ;പിടിയിലായത് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ എറണാകുളം സ്വദേശി

സ്വന്തം ലേഖകൻ

പാലക്കാട് : ചാലിശ്ശേരിയിൽ 16 കാരി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം സ്വദേശിയായ 45കാരൻ പൊലീസ് പിടിയിൽ. സംഭവത്തിൽ എറണാകുളം കളമശ്ശേരി കൈപ്പടിയിൽ ദിലീപ് കുമാറാണ് അറസ്റ്റിലായത്.

ഇയാൾ 22 കാരനായ കോളജ് വിദ്യാർത്ഥിയാണെന്ന് പറഞ്ഞു വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് പെൺകുട്ടിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ബന്ധുവായ യുവാവിന്റെ ചിത്രങ്ങളാണ് ഇതിനായി ഇയാൾ ഇൻസ്റ്റഗ്രാമിൽ പ്രൊഫൈൽ ചിത്രമാക്കിയത്. പിന്നീട് പലപ്പോഴായി പെൺകുട്ടിക്ക് കൈമാറിയിരുന്നതും ഇതേ യുവാവിന്റെ ചിത്രങ്ങളായിരുന്നു.

മാതാപിതാക്കൾ ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് പറഞ്ഞിരുന്നത്. അമ്മയാണെന്ന് വിശ്വസിപ്പിക്കാനായി കൂട്ടുകാരിയെക്കൊണ്ട് പെൺകുട്ടിയുമായി ഫോണിൽ സംസാരിപ്പിക്കുകയും ചെയ്തു.പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചായിരുന്നു ഇടപെടൽ നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Top