പാരീസ്: പാരീസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ കൂട്ടക്കുരുതിയുടെ ബുദ്ധികേന്ദ്രം ബെല്‍ജിയം സ്വദേശിയായ അബ്‌ദള്‍ ഹമീദ് അബൗദ്. യൂറോപ്പിലെ നിരവധി ഭീകരാക്രമണങ്ങളുടെയും സൂത്രധാരനായ ഇയാള്‍ ഇയാള്‍ ഐ.എസിന്റെ പ്രഭവസ്‌ഥാനമായ സിറിയയിലുണ്ടെന്നും ഫ്രഞ്ച് ഏജന്‍സികള്‍ കരുതുന്നു. 129 ജീവനെടുത്ത ആക്രമണങ്ങളില്‍ പങ്കെടുത്ത രണ്ടു പേരെക്കൂടി തിരിച്ചറിഞ്ഞു. സിറിയയിലെ ഇദ്‌ലിബുകാരനായ അഹമ്മദ് അല്‍ മുഹമ്മദ്, ഫ്രഞ്ച് പൗരനായ സമി അമീമുര്‍ എന്നിവരെയാണു തിരിച്ചറിഞ്ഞത്.
സ്‌റ്റാറ്റെ ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തിനു മുന്നില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ മൃതശരീരത്തിനു സമീപം കണ്ടെത്തിയ പാസ്‌പോര്‍ട്ടില്‍ നിന്നാണ് അഹമ്മദിനെപ്പറ്റി സൂചന ലഭിച്ചത്. സിറിയന്‍ അഭയാര്‍ഥികളുടെ മറവിലാണ് ഇയാള്‍ ഗ്രീസ് വഴി ഫ്രാന്‍സിലേക്കു കടന്നതെന്ന് വിരലടയാള രേഖകളില്‍ നിന്നു വ്യക്‌തമായി. യുദ്ധകലുഷമായ പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂട്ട പലായനം ഐ.എസ്. മുതലെടുത്തതിന്റെ തെളിവായാണ് അധികൃതര്‍ ഇതിനെ കാണുന്നത്.
ഭീകരബന്ധമുണ്ടെന്ന സംശയത്തില്‍ മുന്‍പ് നിരീക്ഷണത്തിലായിരുന്നയാളാണ് അമീമുര്‍. നിരീക്ഷണ വലയത്തില്‍ നിന്നു ചാടിപ്പോയ ഇയാള്‍ക്കായി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.ഫ്രാന്‍സിലാകെ 168 സ്‌ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയ പോലീസ് 23 പേരെ അറസ്‌റ്റ് ചെയ്യുകയും റോക്കറ്റ് ലോഞ്ചര്‍ അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. നൂറോളം പേരെ വീട്ടുതടങ്കലില്‍ ചോദ്യംചെയ്യുകയാണ്. കൂടുതല്‍ ഭീകരരുടെ സാന്നിധ്യം സ്‌ഥിരീകരിക്കുന്നത് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന ആശങ്കയ്‌ക്ക് ആക്കം കൂട്ടി. അടുത്തിടെ അഞ്ച് ആക്രമണശ്രമങ്ങള്‍ പരാജയപ്പെടുത്തിയിരുന്നെന്ന് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് വെളിപ്പെടുത്തി.
ഫ്രാന്‍സിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൂടുതല്‍ ആക്രമണങ്ങള്‍ ഭീകരര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വാല്‍സ് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.അതിനിടെ, ബാറ്റാക്ലാനില്‍ ചാവേര്‍ ബോംബായ ഒമര്‍ ഇസ്‌മയില്‍ മൊസെഫായിയുടെ ഭീകരബന്ധത്തെപ്പറ്റി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനു വിവരം നല്‍കിയെന്നും കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനു ശേഷം മാത്രമാണ് പ്രതികരണം ഉണ്ടായതെന്നും തുര്‍ക്കി പോലീസിലെ ഉന്നതന്‍ വെളിപ്പെടുത്തി.ബെല്‍ജിയം വഴിയാണു ഭീകരര്‍ എത്തിയതെന്ന് ഏറെക്കുറെ വ്യക്‌തമായതോടെ അവിടെയും തെരച്ചില്‍ ശക്‌തമാക്കി.
ആക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പേരെക്കൂടി ബ്രസല്‍സില്‍ അറസ്‌റ്റ് ചെയ്‌തു. ബെല്‍ജിയം അതിര്‍ത്തിയില്‍ ഫ്രഞ്ച് പോലീസിന്റെ െകെയിലൂടെ വഴുതിപ്പോയ സലാ അബ്‌ദല്‍സലാമിനു വേണ്ടി തെരച്ചില്‍ ശക്‌തമാക്കി. അക്രമിസംഘാംഗമായ സഹോദരന്‍ ഇബ്രാഹിം കൊല്ലപ്പെട്ടതോടെ അബ്‌ദല്‍ സലാം ബല്‍ജിയത്തിലേക്കു കടക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ചോദ്യംചെയ്‌ത ഫ്രഞ്ച് പോലീസ് സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു. കൂട്ടക്കൊല നടന്ന ബാറ്റാക്ലാനിലേക്കു ഭീകരര്‍ എത്തിയത് ബല്‍ജിയത്തില്‍ നിന്ന് അബ്‌ദള്‍സലാം വാടകയ്‌ക്കെടുത്ത കാറിലായിരുന്നെന്ന് പിന്നീടാണു കണ്ടെത്തിയത്. ബല്‍ജിയത്തില്‍ അറസ്‌റ്റിലായവരില്‍ ഇയാളുടെ മറ്റൊരു സഹോദരനുണ്ട്.