തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാരദ എഡിറ്റര്‍ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ കേരള പോലീസ്. മാത്യുസാമുവലിന്റെ കൈവശം മന്ത്രിമാരുടെ ഒളിക്യാമറ ദൃശ്യങ്ങളുണ്ടെന്ന് 2013ല്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും. മന്ത്രിയെ ഭീഷണിപ്പെടുത്തിയത് രഹസ്യാന്വേഷണ വിഭാഗം പോലും അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഭ്യന്ത്രമന്ത്രിയുടെ മകളുടെ കല്ല്യാണത്തിന് സ്വര്‍ണം സമ്മാനമായി നല്‍കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് കാണിച്ച് മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. പോലീസ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച സംഭവത്തില്‍ പോലീസ് ആസ്ഥാനം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആഭ്യന്തരമന്ത്രിയെ പോലും ബ്ലാക്‌മെയില്‍ ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തെ പോലീസ് സേനയ്ക്കും നാണക്കേടായിരിക്കുകയാണ്. മാത്യുസാമുവന്‍ നേരത്തെയും നടത്തിയ നിരവധി സമാന സംഭവങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തും. മാത്യുസാമുവലിന്റെ കോടികളുടെ സ്വത്തുക്കളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതികൂട്ടിലാക്കുന്ന വീഡിയോ ഇപ്പോഴും മാത്യുസാമുവല്‍ കൈവശം വച്ച് ബ്ലാക്‌മെയില്‍ തുടരുന്നതായാണ് സംശയം. ഈ സാഹചര്യത്തില്‍ മാത്യുസാമുവലിന്റെ കയ്യിലുള്ള വിഡിയോ പിടിച്ചെടുക്കാനുള്ള തുടര്‍ നടപടികളാണ് പോലീസ് മുന്നോട്ട് നീക്കുന്നത്. മാധ്യമ പ്രവര്‍ത്തകനെന്ന തരത്തിലുണ്ടാക്കിയെടുത്ത സ്വീകാര്യതയാണ് ഇത്തരം ക്രിമനില്‍ നടപടികള്‍ക്കായി ഇയാള്‍ ഉപയോഗിക്കുന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. താന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണെന്ന് നിരന്തരം ആവര്‍ത്തിക്കുന്ന മാത്യുസാമുവലിന് മുന്നില്‍ ഉപദ്രവിക്കരുതെന്ന് കെഞ്ചുന്ന മന്ത്രിയെയാണ് വീഡിയോയില്‍ കണ്ടത്.