നാരദയില്‍ നിന്ന് മാത്യുസാമുവലും വിവാദ മാധ്യമ പ്രവര്‍ത്തക എയ്ഞ്ചലും രാജിവച്ചു; ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയ സംഭവം കമ്പനിക്ക് നാണക്കേടുണ്ടാക്കി

ന്യൂഡല്‍ഹി: ബ്ലാക്‌മെയില്‍ ജേര്‍ണലിസത്തിലൂടെ കുപ്രിസിദ്ധിയാര്‍ജ്ജിച്ച മാത്യു സാമുവല്‍ നാരദയുടെ സ്ഥാപക കമ്പനിയില്‍ നിന്നും രാജിവച്ചു. മാത്യുവിനൊപ്പം ഐ എ എസുകാരെ ഹണിട്രിപ്പില്‍ കുടുക്കിയെന്നരോപണമുയര്‍ന്ന എയഞ്ചലും രാജിവച്ചിട്ടുണ്ട്. ഇരുവരുടേയും രാജി സ്വീകരിച്ചതായും വഹിച്ചുകൊണ്ടിരുന്ന സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായും അറിയിച്ചുകൊണ്ട് നാരദാ ന്യൂസ് ജീവനക്കാര്‍ക്ക് കമ്പനി അധികൃതര്‍ അറിയിപ്പ് നല്‍കി. മാത്യു സാമുവലിന്റെ കോടികളുടെ അവിഹിത സമ്പാദ്യത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതും കേരളത്തിലെ ഹണിട്രാപ്പ് കേസ് പുറത്തായതും മാത്യുസാമുവലിനെ പ്രതിരോധത്തിലാക്കിയിരുന്നു. നേരത്തെ നാരദയുടെ ഹിന്ദി ഇംഗ്ലീഷ് സൈറ്റുകള്‍ പൂട്ടുകയും ചെയ്തിരുന്നു.
‘ നമ്മുടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മാത്യു സാമുവലും ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറുമായിരുന്ന ഏയ്ഞ്ചല്‍ ടിന്‍സി അബ്രഹാമും കമ്പനിയില്‍ നിന്നും രാജിവെച്ചിരിക്കുകയാണു. അവരുടെ രാജി കമ്പനി സ്വീകരിക്കുകയും, രണ്ടുപേരുടേയും രാജി സ്വീകരിക്കുവാനും രണ്ടുപേരും വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും അവരെ ഒഴിവാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടുപേരുടെയും ഭാവിപരിപാടികള്‍ക്ക് കമ്പനി എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ സാഹചര്യങ്ങള്‍ നിലവിലെ ജീവനക്കാര്‍ക്ക് പെട്ടെന്നുള്ള തൊഴില്‍നഷ്ടവും മറ്റും ഉണ്ടാക്കാതെയിരിക്കുവാനായി കമ്പനി ആക്ടും അനുബന്ധനിയമങ്ങളും അനുസരിച്ച് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുനര്‍നിര്‍മ്മിച്ചതായും ജീവനക്കാര്‍ക്കയച്ച മെയിലില്‍ വ്യക്തമാക്കുന്നു.
നിലവിലെ ബോര്‍ഡ് അംഗങ്ങളായ അക്ഷയ് കുമാര്‍, ഫിറോസ് ഖാന്‍ എന്നിവരുടെ പേരിലാണു മെയില്‍ അയച്ചിരിക്കുന്നത്. നാരദ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിലവിലെ ഉടമകള്‍ ഓഹരി ഉടമകളാണ് ഇരുവരും.
രാജിവെച്ച അംഗങ്ങള്‍ക്ക് നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ലഭിക്കുന്നതിനായി കമ്പനിയുടെ എല്ലാ വസ്തുവകകളും തിരിച്ചേല്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടതായും മെയിലില്‍ പറഞ്ഞിട്ടുണ്ട്. ഇതില്‍ സ്ഥാവരജംഗമവസ്തുക്കളും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടികളും ഉള്‍പ്പെടുമെന്നും മെയിലില്‍ വ്യക്തമാക്കുന്നു. ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടികളില്‍ കമ്പനിയുടെ അക്കൌണ്ടുകളും വരവു ചെലവു കണക്കുകളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് രാജിവെച്ച അംഗങ്ങളായതിനാല്‍ ഈ കണക്കുകള്‍ എല്ലാം ബോര്‍ഡിനുമുന്നില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
സ്ഥാപനത്തിനെക്കുറിച്ച് ഈയടുത്തകാലത്തായി ഉണ്ടായതായി ആരോപിക്കപ്പെടുന്ന ചില മോശം വാര്‍ത്തകള്‍ കമ്പനിയുടെ യശസ്സ് കെടുത്തുകയും കമ്പനിയെ നന്നല്ലാത്ത അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തെക്കുറിച്ചും മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കമ്പനിയുടെ പൂര്‍വ്വകാല യശസ്സ് തിരികെക്കൊണ്ടുവരാന്‍ പുതിയ മാനേജ്‌മെന്റ് ശ്രമിക്കുമെന്നും ഇതിനായി ജീവനക്കാരുടെ സഹകരണം ആവശ്യമാണെന്നും മെയിലില്‍ പറയുന്നുണ്ട്.
നാരദാ ന്യൂസിന്റെ ഡല്‍ഹി ഓഫീസിലെ നിരവധി ജീവനക്കാരെ ശമ്പളം നല്‍കാതെ അനധികൃതമായി പിരിച്ചുവിട്ടതിനെതിരെ ജീവനക്കാര്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയിലെ ലേബര്‍ കോടതി നിരന്തരം സമന്‍സ് അയച്ചിട്ടും മാത്യു സാമുവല്‍ ഹാജരായിട്ടില്ല. പുതിയ നീക്കം ഈ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെടാനാണെന്നാണു ഈ ജീവനക്കാര്‍ ആരോപിക്കുന്നത്. കേരളത്തില്‍ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന് വാര്‍ത്ത പുറത്ത് വന്നതോടെയാണ് മാത്യസാമുവലിന്റെ തനിനിറം പുറം ലോകമറിഞ്ഞത്.
Top