എണ്‍പത് ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ഘടകമാണ്. യുപിയില്‍ സീറ്റ് നേടുന്നവര്‍ രാജ്യം ഭരിക്കും എന്ന നിലയില്‍ ഒരു ചോല്ലുതന്നെയുണ്ട്. ഇതിനാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുകയാണ് യുപിയിലെ രാഷ്ട്രീയക്കളികള്‍. മായാവതിയുടെയും അഖിലേഷ് യാദവിന്റെയും രഷ്ട്രീയ നീക്കങ്ങള്‍ ബിജെപിക്ക് കനത്ത നാശമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസിനെ കൂട്ടാതെ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും സഖ്യത്തിനൊരുങ്ങുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. യോഗിയെ തുരത്താന്‍ തങ്ങള്‍ മതിയാകും എന്ന് പാര്‍ട്ടികള്‍ നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ തെളിയിച്ചതുമാണ്. മായാവതിയുടെ പിന്തുണയോടെ അഖിലേഷ് വന്‍മുന്നേറ്റമാണ് കാഴ്ച്ചവച്ചത്. ഇരുവരും ഒന്നിക്കുമ്പോള്‍ തീര്‍ച്ചയായും അത് ബിജെപിയുടെ ഭാവിയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ മുഖവുമായ യോഗി ആദിത്യനാഥിന്റെ ചങ്കിടിപ്പ് കൂട്ടും. 80 ലോക്സഭാ മണ്ഡലമാണ് ഉത്തര്‍പ്രദേശിലുള്ളത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 71 സീറ്റാണ് ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയെടുത്തത്. കോണ്‍ഗ്രസ്-രണ്ട്, സമാജ് വാദി പാര്‍ട്ടി-അഞ്ച്, അപ്നാ ദള്‍-രണ്ട് എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്ഥാനം. ബിഎസ്പിക്ക് ഒന്നും കിട്ടിയില്ല.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുന്നേറ്റം ബിഎസ്പിയേയും എസ്പിയേയും അല്പം ആകുലപ്പെടുത്തുന്നുണ്ട്. 2019ല്‍ കേന്ദ്രത്തില്‍ ബിജെപി വരരുതെന്ന് ആഗ്രഹിക്കുന്നതോടൊപ്പം കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം ഇവര്‍ ആഗ്രഹിക്കുന്നില്ല. കാരണം വിലപേശല്‍ ശക്തി കുറയുമെന്നതു തന്നെ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വരണം, പക്ഷേ അത് പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതുമായിരിക്കണം എന്നതാണ് ബിഎസ്പിയുടെയും എസ്പിയുടെയും നിലപാട്.
അതേസമയം, കോണ്‍ഗ്രസിനെ കൂട്ടാതെയുള്ള ബിഎസ്പി-എസ്പി സഖ്യത്തെ കോണ്‍ഗ്രസ് അല്പം ആശങ്കയോടെയാണ് കാണുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ മുന്നണിയോടൊപ്പം ബിഎസ്പിയും എസ്പിയും നില കൊള്ളുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ മാത്രമെന്തിനാണ് തങ്ങളെ മാറ്റി നിര്‍ത്തുന്നതെന്ന ചോദ്യം കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയരുന്നുണ്ട്. ഇതിനു പിന്നില്‍ വ്യക്തമായ വിലപേശല്‍ രാഷ്ട്രീയത്തിനുള്ള കളമൊരുക്കലാണെന്നു കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനുവരി 15ന് മായാവതിയുടെ ജന്മദിനമാണ്. അന്ന് സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മായാവതിയും അഖിലേഷ് യാദവും നടത്തും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂര്‍, ഫുല്‍പുര്‍, കൈരാന എന്നിവിടങ്ങളില്‍ ബിഎസ്പി-എസ്പി സഖ്യം ബിജെപിയെ തോല്‍പ്പിച്ചിരുന്നു.
ഇവിടെയെല്ലാം കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്. ബിഎസ്പി-എസ്പി സഖ്യത്തിലേക്ക് ആര്‍എല്‍ഡിയും കടന്നുവരുന്നുണ്ട്. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും ആര്‍എല്‍ഡി മൂന്നു സീറ്റിലും മത്സരിക്കാനാണ് പ്രാഥമികമായി ഉരുത്തിരിഞ്ഞു വന്ന തീരുമാനം. മുസ്ലിം വോട്ടുകള്‍ കൂടുതല്‍ അനുകൂലമാക്കുക എന്നതാണ് മായാവതിയും അഖിലേഷും നേരിടുന്ന പ്രധാന വെല്ലുവിളി.
ഏതാണ്ട് 80ല്‍ 37 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായക ശക്തിയാണ്. മുസ്ലിം വോട്ടുകള്‍ തങ്ങളുടെ പോക്കറ്റിലാക്കാന്‍ ബിഎസ്പി-എസ്പി സഖ്യത്തിനായാല്‍ വലിയൊരു രാഷ്ട്രീയ വിജയമായിരിക്കും യുപിയില്‍ഇരുവര്‍ക്കും ഉണ്ടാക്കാന്‍ കഴിയുക. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലായിരുന്നു. ഇത് രണ്ടു കൂട്ടര്‍ക്കും പ്രയോജനപ്പെട്ടില്ല. ബിഎസ്പി ഒറ്റയ്ക്കു മത്സരിച്ചു.
ഫലമോ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കി. ഇതു മനസിലാക്കിയാണ് ബിഎസ്പി-എസ്പി സഖ്യചര്‍ച്ച മുന്നേറിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇവരുടെ സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എല്ലാവരും കൂടി ഒന്നിച്ചു നിന്നില്ലെങ്കില്‍ ബിജെപിയുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ആവില്ലായെന്ന് അവര്‍ പറയുന്നു.
അതേസമയം, ബിഎസ്പി-എസ്പി സഖ്യത്തെ കരുതലോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപിയും നോക്കിക്കാണുന്നത്. കാരണം അഞ്ചു നിയമസഭകളി ലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് മത്സര ഫലം ബിജെപിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ലാതാക്കി എന്നതു തന്നെ. പ്രതിപക്ഷത്തിനു കൈവന്നിരിക്കുന്ന ആത്മവിശ്വാസവും യോഗിയെ അസ്വസ്ഥനാക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് പിടിച്ചാല്‍ കേന്ദ്രം പിടിക്കാമെന്ന ചൊല്ല് ഉള്ളതിനാല്‍ ഉത്തര്‍പ്രദേശിലെ ഓരോ നീക്കവും കരുതലോടെയായിരിക്കും എല്ലാ പാര്‍ട്ടികളും നടത്തുക.