എംബി രാജേഷ്
തിരുവനന്തപുരം: മനോരമയെ പുകഴ്ത്തിയും മാതൃഭൂമിയെ ഇകഴ്ത്തിയും സി.പി.എം നേതാവ് എംബി രാജേഷ്.സ്പ്രിംക്ലർ വിഷയത്തിൽ ആണ് രാജേഷിന്റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ് . മനോരമ വസ്തുനിഷ്ഠമായി വാർത്ത നൽകിയപ്പോൾ മാതൃഭൂമി തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് വിമർശനം.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണമായി:
” ആദ്യത്തേത് മനോരമ. രണ്ടാമത്തേത് മാതൃഭൂമി. സ്പ്രിങ്ക്ളറിൽ ഇന്നലെ കൊടുത്ത വിശദമായ സത്യവാങ്ങ്മൂലം രണ്ടു പ്രമുഖ പത്രങ്ങൾ കൊടുത്ത വാർത്തകൾ. മനോരമക്ക് കാര്യം പിടികിട്ടി. സ്പ്രിങ്ക്ളർ സോഫ്റ്റ് വെയർ തന്നെ തുടർന്നും ഉപയോഗിക്കുമെന്നും ഡേറ്റയുടേയും വിശകലനത്തിൻ്റേയും പൂർണ്ണ ഉടമസ്ഥതയും നിയന്ത്രണാധികാരവും സർക്കാരിനാണെന്നും സർക്കാർ വിശദീകരിച്ചത് വസ്തുനിഷ്ഠമായി വാർത്ത കൊടുത്തിരിക്കുന്നു. വളച്ചൊടിക്കലില്ല. സ്പ്രിങ്ക്ളർ പുറത്തായി, സർക്കാർ നിലപാട് മാറ്റി എന്ന ദുർവ്യാഖ്യാനങ്ങളൊന്നും മനോരമ നടത്തുന്നില്ല. അതിനൊന്നും ഒട്ടും സ്കോപ്പില്ല എന്നതുകൊണ്ടാവാം അതിന് മുതിരാത്തത്.
സർക്കാർ തുടക്കം മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നതു മാത്രമാണ് സത്യവാങ്മൂലത്തിലും ഉള്ളത് എന്നും ദുർവ്യാഖ്യാനത്തിന് മുതിർന്നാൽ പത്രം വല്ലാതെ പരിഹാസ്യരാകുമെന്നും തിരിച്ചറിയാനുള്ള പ്രൊഫഷണലിസം മനോരമക്കുണ്ട്. സർക്കാരിനെതിരെ ഒന്നാം പേജിൽ ആഘോഷിക്കാൻ വകുപ്പില്ലാത്തതു കൊണ്ടാവാം അഞ്ചാംപേജിൽ ഒതുക്കിയത്. എന്തായാലും വാർത്ത സ്പഷ്ടവും വസ്തുനിഷ്ഠവുമാണ്. എന്നാൽ മാതൃഭൂമിയോ? ഒന്നാം പേജിൽ കളറിൽ തലക്കെട്ട് -കോവിഡ് രോഗികളുടെ വിവരശേഖരണം സ്പ്രിങ്ക്ളർ പുറത്ത്!
വിവരശേഖരണം എപ്പോഴാണ് സ്പ്രിങ്ക്ളർ നടത്തിയത്? അത് ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് സർക്കാരല്ലേ ശേഖരിച്ചത്? സ്പ്രിങ്ക്ളർ ജീവനക്കാർ കോവിഡ് രോഗികളെ സന്ദർശിച്ച് വിവരം ശേഖരിച്ചോ ?!!! സ്പ്രിങ്ക്ളറിൻ്റെ സോഫ്റ്റ് വെയർ വിവര വിശകലനത്തിനല്ലേ ഉപയോഗിക്കുന്നത്? ഇനിയും അതുപയോഗിക്കും എന്നല്ലേ ഇന്നലെ സർക്കാർ കോടതിയെ അറിയിച്ചത്? സി-ഡിറ്റ് സർവ്വറിൻ്റെ ശേഷികൂട്ടൽ പൂർത്തിയായാൽ ഉടൻ ഡേറ്റ അതിലേക്ക് മാറ്റും എന്ന് തുടക്കത്തിലേ സർക്കാർ പറഞ്ഞതല്ലേ?
മുഖ്യമന്ത്രി പത്ര സമ്മേളനത്തിലും ഐ .ടി .വകുപ്പ് പത്രക്കുറിപ്പായും കഴിഞ്ഞ തവണ കോടതിയിലും പറഞ്ഞതല്ലേ ഇന്നലെ കോടതിയിൽ ആവർത്തിച്ചത്? എന്നിട്ടും ജനങ്ങളെ ബോധപുർവ്വം തെറ്റിദ്ധരിപ്പിക്കുന്ന മാതൃഭൂമിയുടെ അജണ്ട വ്യക്തമല്ലേ. സ്പ്രിങ്ക്ളർ മരുന്നു കമ്പനിയായ ഫൈസറിന് ഡേറ്റ വിറ്റു എന്ന കള്ള വാർത്ത കൊടുത്ത് ഒരു മണിക്കൂർ തികയും മുമ്പ് വാർത്ത പിൻവലിച്ച് ഓടിയ നാണക്കേടിൽ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ”?