എം.ബി.രാജേഷ് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പദവിക്കനുസരിച്ച് ഷംസീറിന് പരുവപ്പെടേണ്ടി വരും: എംബി രാജേഷ്

തിരുനന്തപുരം: എം.ബി.രാജേഷ് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.സ്പീക്കര്‍ സ്ഥാനം രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. സെപ്തംബര്‍ ആന് രാജ്ഭവനിൽ വച്ചാവും എംബി രാജേഷിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

സ്പീക്കര്‍ സ്ഥാനം രാജിവെച്ച ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. പദവി അനുസരിച്ച് കക്ഷി രാഷ്ട്രീയം പറയാന്‍ തടസം നേരിട്ടപ്പോള്‍ അതില്‍ പ്രയാസം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയും എന്നും എന്നാല്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല എന്നും സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സ്പീക്കറായപ്പോഴും നന്നായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട് എന്നും എം ബി രാജേഷ് ഓര്‍മിപ്പിച്ചു. നിയമ സഭയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ശക്തമായ രാഷ്ട്രീയ നിലപാട് തെളിയിക്കുന്ന ഒന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ട്രൈക്കറായി കളിച്ചയാള്‍ റഫറിയാകേണ്ടി വരുമ്പോള്‍ എന്താകും എന്നായിരുന്നു താന്‍ സ്പീക്കറായപ്പോള്‍ ഉയര്‍ന്ന ചോദ്യം എന്നും റഫറിയായപ്പോള്‍ മോശമായില്ല എന്നു മാധ്യമങ്ങള്‍ പറയും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. താന്‍ മോശമാണെന്ന് പ്രതിപക്ഷവും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമാനമായി ഷംസീറിനും ചുമതലയ്ക്ക് അനുസരിച്ച് പരുവപ്പെടാന്‍ കഴിയും എന്നും എം ബി രാജേഷ് പറഞ്ഞു. നേരത്തെ സ്പീക്കറായിരുന്ന സമയത്ത് പലഘട്ടത്തില്‍ എ എന്‍ ഷംസീറിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി എം ബി രാജേഷ് എത്തിയിരുന്നു.

അതേസമയം എ.എൻ.ഷംസീര്‍ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥൻ്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക. ഷംസീറിൻ്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.

സ്പീക്കര്‍ പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് നിയുക്ത സ്പീക്കര്‍ എഎൻ ഷംസീര്‍. മുൻ വിധിയില്ലാതെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പ്രതികരിച്ചു. സ്പീക്കര്‍ പദവി വ്യക്തിജീവിതത്തിലും പൊതു പ്രവര്‍ത്തകനെന്ന നിലയിലും ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് സ്ഥാനമൊഴിയുന്ന സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.

സ്പീക്കര്‍ പദവിയിൽ എഎൻ ഷംസീറിനെ തീരുമാനിച്ചത് മുതൽ ട്രോളോട് ട്രോളാണ്. എല്ലാറ്റിനും മറുപടിയായാണ് നിയുക്ത സ്പീക്കറുടെ പ്രതികരണം. രാഷ്ട്രീയം പറയേണ്ട സാഹചര്യത്തിൽ പറയും, പക്ഷെ കക്ഷി രാഷ്ട്രീയം ഒഴിവാക്കും. മുൻ സ്പീക്കര്‍മാരിൽ നിന്ന് ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഷംസീര്‍ പറഞ്ഞു. ജനതാൽപര്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മന്ത്രിയാകുമെന്നാണ് എംബി രാജേഷിന്റെ പ്രതികരണം. ഷംസീറിന് ഇനി തന്നെ ശാസിക്കാനും അനുസരിപ്പിക്കാനുമൊക്കെ ആകുമെന്നും രാജേഷ് പറഞ്ഞു.

സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി നിന്നതോടെയാണ് പാര്‍ട്ടിയിലും മന്ത്രിസഭയിലും മാറ്റം വന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയാക്കി. പകരം എം ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും മന്ത്രിയാക്കി. ഷംസീറിനെ സ്പീക്കറാക്കിയും നിയമിച്ചു.

Top