ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജിതരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന് സിപിഎം.പി.ജയരാജനും പി.കെ.ശ്രീമതിക്കും ,രാജേഷിനു ,പി കെ ബിജുവിനും സീറ്റില്ല.

തിരുവനന്തപുരം: തുടർഭരണം ഉറപ്പാക്കാൻ വിജയ സാധ്യത മാത്രം ലക്‌ഷ്യം വെക്കുന്ന സിപിഎം മുൻപ് മത്സരിച്ച് പരാജയപ്പെട്ടവരെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തി .അതിനാൽ തന്നെ ലോക് സഭയിൽ മത്സരിച്ച് പരാജയപ്പെട്ട പ്രമുഖർക്ക് നിയമസഭയിലേക്ക് അവസരം ലഭിക്കില്ല .അതിനാൽ തന്നെ
സംസ്ഥാന സമിതി അംഗം പി ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖരായ കെ എന്‍ ബാലഗോപാലിനും പി രാജീവിനും ,എം ബി രാജേഷിനു പികെ ബിജുവിനും സീറ്റ് ലഭിക്കില്ല . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവരെ വീണ്ടും മത്സരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് സി പി എമ്മിന് . എന്നാല്‍ നിയമസഭയിലേക്ക് തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന പൊതുനിബന്ധനയില്‍ ഇളവുണ്ടാകും. എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാനും സി പി എം സംസ്ഥാന സമിതി തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിബന്ധന കര്‍ശനമായി പാലിക്കാനാണ് സംസ്ഥാന സമിതി തീരുമാനം. ഇതോടെ വടകരയില്‍ മത്സരിച്ചു പരാജയപ്പെട്ട പി.ജയരാജന്റെ വഴിയുമടയും. വടകര പിടിക്കാനെന്ന പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ജയരാജന്‍ സംസ്ഥാന സമിതി അംഗം മാത്രമായി ചുരുങ്ങും. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും മത്സരരംഗത്തുണ്ടാകില്ല.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ എന്‍ ബാലഗോപാല്‍ കൊല്ലത്തും പി രാജീവ് എറണാകുളത്തും മത്സരിച്ചു പരാജയപ്പെട്ടവരാണ്. കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയാറെടുത്തിരുന്ന രാജീവിനും കൊട്ടാരക്കരയില്‍ പരിഗണിക്കപ്പെട്ടിരുന്ന കെ എന്‍ ബാലഗോപാലിനും മാറി നില്‍ക്കേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ചിരുന്നു. ഏറ്റുമാനൂരില്‍ വാസവന്‍ മത്സരിക്കാനുള്ള സാധ്യതയും ഇതോടെ ഇല്ലാതായി. പാലക്കാട് മുന്‍ എം പി എം ബി രാജേഷും നിയമസഭയിലേക്ക് മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. പുതിയ നിബന്ധന രാജേഷിനും തിരിച്ചടിയായി. ഒപ്പം പി കെ ബിജുവിനും കാസർകോട്ടെ കെ പി സതീഷ്ചന്ദ്രനും അവസരം നഷ്ടമാകും. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവിനും സീറ്റ് കിട്ടില്ല.

തിരുവനന്തപുരം സ്വപ്നം കണ്ടു നടന്ന എ സമ്പത്ത് നിയമസഭയിലേക്ക് മത്സരിക്കാൻ ഇനിയും കാത്തിരിക്കണം. ആറന്മുള എം എൽ എ വീണാ ജോര്‍ജും ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടവരുടെ കൂട്ടത്തിലാണ്. എന്നാല്‍ സിറ്റിംഗ് എം എൽ എ എന്ന പരിഗണന വീണയ്ക്കു കിട്ടും. ഇടതുസ്വതന്ത്രനായതിനാല്‍ ഇടുക്കിയില്‍ മത്സരിച്ചു തോറ്റ ജോയ്സ് ജോര്‍ജിനും നിബന്ധന തടസ്സമായേക്കില്ല. ജില്ലാ കമ്മിറ്റികളുടെ നിലപാടും വിജയസാധ്യതയും പരിഗണിച്ചാകും രണ്ടു ടേം നിബന്ധനയില്‍ ഇളവു നല്‍കുക.

എല്ലാ ജില്ലയിലും ഒരു സീറ്റ് സ്ത്രീകള്‍ക്കായി നിര്‍ബന്ധമായും മാറ്റിവയ്ക്കണം. ഒന്നിലധികമായാലും തെറ്റില്ല. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരമാവധി പരിഗണന നല്‍കുണം. പൊതുസമ്മതര്‍, പ്രൊഫഷണലുകള്‍, ടെക്നോക്രാറ്റുകള്‍, സാഹിത്യ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരേയും പരിഗണിക്കണം. ഇവയാണ് സി പി എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ പ്രധാനം.

Top