കോൺഗ്രസിന്റേത് കൂട്ടമരണങ്ങളിലെ രാഷ്ട്രീയം.വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം’കൂട്ടമരണങ്ങളിലാണ് രാഷ്‌ട്രീയഭാഗ്യമെന്ന് അവർ വിശ്വസിക്കുന്നു.

കൊച്ചി :വാളയാറിൽ പാസില്ലാതെ വരുന്നവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾക്ക് എതിരെ അതിശക്തമായ ജനരോക്ഷം ആളിക്കത്തുകയാണ് .ഇവർ മരണം വിതക്കുന്നവർ ആണെന്നാണ് പൊതുജനത്തിന്റെ വിശ്വാസം .കേരളത്തിലെ കോവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്കെതിരെ വിമർശനവുമായി എം ബി രാജേഷ്. ഇക്കാലത്ത് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതുപോലെ സാമൂഹിക വിരുദ്ധം മറ്റൊരിടത്തും ഒരു പ്രതിപക്ഷവും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

എം ബി രാജേഷിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാളയാർ അതിർത്തിയിൽ പാസ്സില്ലാതെ ആളുകളെ കയറ്റി വിട്ടു എന്ന് വീരവാദം മുഴക്കിയവരും രാഷ്ട്രീയ ലക്ഷ്യത്തോടെ കുഴപ്പമുണ്ടാക്കാൻ പാഞ്ഞെത്തിയ വിധ്വംസക സംഘവും ക്വാറന്റൈനിൽ പോകണമെന്ന് വാർത്ത വരുന്നു.

എന്താണ് ദുരന്തകാലത്തെ പ്രതിപക്ഷ ധർമ്മം? സർക്കാരിനെ അന്ധമായി, ഔചിത്യമില്ലാതെ എതിർക്കലും സർക്കാർ ചെയ്യുന്നതെല്ലാം പൊളിക്കാൻ പാഞ്ഞു നടക്കലുമാണോ? അതാണോ മറ്റു സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. ബംഗാളിൽ തൃണമൂലുമായി ഇടതു പക്ഷത്തിനുള്ള രാഷ്ട്രീയ ഭിന്നതയുടെ ആഴം എല്ലാവർക്കും അറിയാമല്ലോ. അവിടെ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അങ്ങോട്ടു ചെന്ന് കണ്ട് സർക്കാർ കോവി ഡിനെതിരായി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. ബംഗാളിൽ കോവിഡ് പ്രതിരോധ കാര്യത്തിൽ എണ്ണിയാലൊടുങ്ങാത്ത വീഴ്ചകളുണ്ടെന്ന് എല്ലാവർക്കുമറിയാം. മരണങ്ങൾ മറച്ചുവെക്കുന്നതടക്കമുള്ള ഗുരുതര ആക്ഷേപങ്ങൾ കേന്ദ്രം തന്നെ പറഞ്ഞിട്ടുണ്ട്.ഒരു സുവർണ്ണാവസരമായി അത് ഉപയോഗിക്കുകയല്ല സി.പി.ഐ (എം) ചെയ്തത്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. ഗുജറാത്തിൽ രോഗികളുടെ എണ്ണം, മരണനിരക്ക്, എന്നിവ വളരെ കൂടുതലാണ്. വീഴ്ചകളും ധാരാളം.

കോൺഗ്രസ് കേരളത്തിൽ ചെയ്യുന്നതു പോലെ എന്തെങ്കിലും അവിടെ ചെയ്യുന്നുണ്ടോ? യു.പി.യിൽ പ്രതിപക്ഷ നേതാവ് അഖിലേഷ് അവിടുത്തെ സർക്കാരിന് സഹകരണം വാഗ്ദാനം ചെയ്യുന്ന നിലപാടാണ് തുടർച്ചയായി എടുക്കുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയർന്ന, ചികിത്സ പോലും എല്ലാവർക്കും ലഭ്യമാക്കാനാവാത്ത തമിഴ്‌നാട്ടിലെ പ്രതിപക്ഷം ഇങ്ങനെ തെരുവിൽ അഴിഞ്ഞാടിയോ? എത്രയോ പരാതികളുള്ള കർണാടകയിൽ പ്രതിപക്ഷമായ കോൺഗ്രസ് തന്നെ ഇങ്ങനെയാണോ പെരുമാറുന്നത്? കർണാടകം കേരളാ അതിർത്തി മണ്ണിട്ടടച്ച് ചികിത്സ കിട്ടാതെ ആളുകൾ മരിച്ചുവീണപ്പോൾ ആരും അങ്ങോട്ട് പാഞ്ഞെത്തിയില്ല. പോട്ടെ വീട്ടിലിരുന്നാണെങ്കിലും അപലപിച്ചൊരു സെൽഫി വീഡിയോ പോലുമുണ്ടായില്ല. അതായത് ഇന്ത്യയിൽ ഒരിടത്തും പ്രതിപക്ഷം കേരളത്തിലെ പോലെ സാമൂഹിക വിരുദ്ധ സ്വഭാവം കാണിക്കുന്നില്ല. ആദ്യം മുതൽ ഇതല്ലേ ഇവർ ചെയ്യുന്നത്.നിയമസഭയിൽ ഷൈലജ ടീച്ചറെ കൂവിയ യുവ കേസരികളും ഇവരൊക്കെയല്ലേ? മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തെ തരം താണ ഭാഷയിൽ അധിക്ഷേപിച്ചവരും ഇക്കൂട്ടരല്ലേ? പായിപ്പാട്ട് അതിഥി തൊഴിലാളികളെ ഇളക്കിവിട്ട് രോഗ പ്രതിരോധം അട്ടിമറിക്കാൻ ശ്രമിച്ചില്ലേ?. മൂന്നു തവണ പ്രതിപക്ഷം സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസു കൊടുത്തിട്ടോ? മൂന്നിലും മുടിഞ്ഞില്ലേ?എന്തെങ്കിലും പാഠം പഠിച്ചോ?

നാടിനോട് തെല്ലെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ ഈ ദുരന്തകാലമൊന്ന് കഴിയും വരെ വാളയാർ മോഡൽ അഴിഞ്ഞാട്ടം നിർത്തിവെക്കില്ലേ?സ്വന്തം അച്ഛനും അമ്മയും മരിച്ചിട്ട് കാണാൻ പോകാതെ കണ്ണീരടക്കി, ഉള്ളു നുറുങ്ങിക്കഴിഞ്ഞ മനുഷ്യരുള്ള നാട്ടിലാണ് ജനപ്രതിനിധി എന്ന മേൽവിലാസത്തിൽ ഒരു അധമ കൂട്ടത്തിന്റെ പിത്തലാട്ടം എന്നോർക്കുക. പാസ്സില്ലാതെ കടത്തിവിടാൻ ഇവർ ആക്രോശിച്ച സംഘത്തിലെ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.റെഡ് സോണിൽ നിന്നു വരുന്നവരെ പാസ്സില്ലാതെ കയറ്റി വിടണമെന്നാവശ്യപ്പെട്ട് ഉറഞ്ഞു തുള്ളിയവരുടെ ഉന്നം മനസ്സിലായില്ലേ? ഇവിടെ എങ്ങനെയും രോഗം പടർത്തണം. ആളുകൾ മരിക്കണം.കുട്ടമരണങ്ങളിലാണ് അവരുടെ രാഷ്ട്രീയ ഭാഗ്യം ഒളിഞ്ഞിരിക്കുന്നത് എന്നവർ ഉറച്ചു വിശ്വസിക്കുന്നു. സിനിമയിലൊക്കെ മാത്രം കണ്ട ക്രൂരമായ രാഷ്ട്രീയ ഉപജാപമാണ് വാളയാറിൽ അരങ്ങേറിയത്. വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം,ഉള്ളിലെ കുടിലത അത്ര ഭയാനകമാണ്.

 

Top