
തിരുവനന്തപുരം: പി.കെ ശശി എംഎല്‍എക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പി കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ കമ്മീഷന്‍ അന്വേഷിക്കും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്, കേസില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി.
ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു. ഈ യുവതിക്ക് പോലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.