സിപിഎം നേതാക്കളാരും പിന്തുണച്ചില്ല..എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജിവെച്ചു. സിപിഎം സെക്രട്ടറിയേറ്റാണ് രാജി ആവശ്യപ്പെട്ടത്. പരാതിക്കാരോടുള്ള മോശം പെരുമാറ്റം വിവാദമായ സാഹചര്യത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്. വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയില്‍ ജോസഫൈന്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ ജോസഫൈനെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് നേതാക്കൾ നിലപാടെടുത്തത്. . മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമർശങ്ങളും മുന്നണിക്കാകെ തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്.

Top