കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ വിദേശി വയനാട് പൊലീസിന്റെ പിടിയില്‍. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റ് സ്വദേശി ഡാനിയേല്‍ എംബോ എന്ന അബുവാണ് ബംഗളൂരുവില്‍ പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .തിരുനെല്ലി പൊലീസും വയനാട് ഡന്‍സാഫ് ടീമും സംയുക്തമായി ബംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനതിലെ മാരുതി കാറില്‍ കടത്തിയ 106 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടിയിരുന്നു. കേസില്‍ മലപ്പുറം സ്വദേശികളായ പറമ്പിന്‍ പീടികയിലെ മുഹമ്മദ് ഉനൈസ്, വെണ്ണിയൂരിലെ ഹഫ്‌സീര്‍, മുഹമ്മദ് ഹാരിസ് എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ നല്‍കിയ മൊഴിയില്‍ കൂട്ടുപ്രതിയായ പൂക്കിപറമ്പിലെ ജുനൈസ് ചത്തേരിയെ ബംഗളൂരുവില്‍നിന്നും പിടികൂടി
ജുനൈസ് ഒറ്റപ്പാലം സ്വദേശി അനീസില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഡാനിയേലാണ് അനീസിന് നല്‍കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. തിരുനെല്ലി എസ്‌ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ബംഗളൂരുവിലെ അനീസിന്റെ താമസസ്ഥലത്തെ സഹതാമസക്കാരന്‍ നല്‍കിയ സൂചനവെച്ച് ഡാനിയേലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.