ഡല്‍ഹി: മീ ടൂ കാമ്പെയ്നിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ കൂടുതല്‍ പരാതികള്‍. ഏറ്റവുമൊടുവില്‍ കൊളംബിയന്‍ യുവതിയാണ് അക്ബറിനെതിരെ ലൈംഗികാരോപണവുമായി എത്തിയത്. 2007ല്‍ ഏഷ്യന്‍ ഏജ് പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ അക്ബര്‍ മോശമായി പെരുമാറിയെന്നാണ് ഇപ്പോള്‍ അമേരിക്കയിലുള്ള വനിത പറയുന്നത്. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ വഴിയാണ് അക്ബറിന്റെ അടുത്ത് പരിശീലനത്തിന് പോയത്. അവസാന ദിവസം അക്ബര്‍ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് ആരോപണം.എം. ജെ.അക്ബറിനെതിരെയുള്ള എട്ടാമത്തെ പരാതിയാണ് കൊളംബിയന്‍ യുവതിയുടേത്.
അതേസമയം കൂടുതല്‍ സ്ത്രീകള്‍ വെളിപ്പെടുത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ പരിശോധിക്കാന്‍ നാല് ജഡ്ജിമാരും മറ്റ് നിയമ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. പദവികളില്‍ ഇരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന്റെ പേര് പരാമര്‍ശിക്കാതെ മേനക പറഞ്ഞു.
”അതിക്രമങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയണം. പീഡകരുടെ പേര് വെളിപ്പെടുത്തി നാണം കെടുത്തണം. സ്ത്രീകളുടെ വേദന അല്‍പം ശമിക്കട്ടെ.www.shebox.nic.in, [email protected] എന്നീ വെബ്സൈറ്റുകളില്‍ പരാതി നല്‍കാം. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.സമിതി പരാതികളില്‍ നടപടിയെടുക്കും.”-മേനകാ ഗാന്ധി പറഞ്ഞു.