ഏഴും എട്ടും പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചിലിരിക്കുന്നത് പതിമൂന്നും പതിനാലും പേര്; ആണ്‍ പെണ്‍ കുട്ടികളെ അടുത്തിരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ വിശദീകരണം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ച് ഇരിക്കാന്‍ അനുവദിക്കില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ കോളേജിന്റെ ഭാഗത്ത് നിന്നും ആരും ചോദ്യം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പുരോഗമന ചിന്താഗതിയുള്ള ക്യാമ്പസാണ് മെഡിക്കല്‍ കോളേജ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് മെഡിസിന്‍ പഠനം നടക്കുന്നത്. 65 വര്‍ഷത്തിലേറെ പഴക്കമുള്ള ചെറിയ ലക്ചര്‍ ഹാളില്‍ ഏഴെട്ടു പേര്‍ക്കിരിക്കാവുന്ന ബെഞ്ചില്‍ പതിമൂന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നതിനെ ആ ക്ലാസിലെ അദ്ധ്യാപിക മാത്രമാണ് ചോദ്യം ചെയ്തതെന്നാണ് പറയുന്നത്. ഒരുമിച്ചിരിക്കരുതെന്ന് കോളേജധികൃതരാരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന പി.ടി.എ.യുടെ ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചില അദ്ധ്യാപകര്‍ ഉന്നയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ ബഹുഭൂരിപക്ഷവും പറഞ്ഞത് ഞെങ്ങി ഞെരുങ്ങിയുള്ള ക്ലാസില്‍ ഒന്നിച്ചിരിക്കരുതെന്നാണ്. അല്ലാതെ ഇതിനപ്പുറം ഇതിന്റെ പേരില്‍ ഒരു നടപടിയെടുക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. പുതിയ ലക്ചര്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ട സാഹചര്യം ഒഴിവാക്കാവുന്നതാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അതേസമയം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തെന്ന വിദ്യാര്‍ത്ഥികളുടെ പരാതി പരിശോധിച്ച് നടപടിയെടുക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോളേജില്‍ നടന്ന സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top