അമ്മയെ കൊലപ്പെടുത്തിയത് സിനിമാ മോഡലില്‍; ശ്വാസം മുട്ടിച്ചു കൊന്ന് കത്തിച്ചു; അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സംശയത്തെത്തുടര്‍ന്നു മകന്‍ അക്ഷയിനെ നേരത്തേതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്കുസമീപം മണ്ണടി ലെയ്ന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ബി – 11, ടിസി 21സ 210 ദ്വാരക വീട്ടില്‍ അശോകന്റെ ഭാര്യ ദീപയുടെ(50) ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്‌റ്റൈലിലാണ്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകള്‍ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി. അമ്മയുടെ അവിഹിത കഥ ചര്‍ച്ചയാക്കി ഒളിച്ചോട്ടത്തില്‍ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലായിരുന്നു അക്ഷയുടെ പഠനം. കോളേജില്‍ ചാത്തന്‍ എന്നപേരില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. ഈ ഗ്രൂപ്പിന്റെ നേതാവായിരുന്നു അക്ഷയ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളില്‍ തോറ്റു. കുവൈറ്റിലുള്ള അച്ഛന്‍ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങള്‍ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുമ്പിലെത്തിയത്. എന്നും വഴക്കു കൂടുന്ന അമ്മയോട് പണം ചോദിച്ചു. ട്യൂഷന് പോകാനെന്ന ന്യായമാണ് പറഞ്ഞത്. എന്നാല്‍ മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ നല്‍കിയില്ല. ഇതോടെ ആക്ഷന്‍ ഹീറോ ബിജു മോഡലില്‍ പിന്നില്‍ നിന്ന് അടിച്ചു. താഴെ വീണ അമ്മയെ ബെഡ് ഷീറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നു. സിനിമകള്‍ കണ്ട അവേശത്തില്‍ എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു പെരുമാറ്റം. ഈ സമയം മയക്കുമരുന്നും അക്ഷയ് ഉപയോഗിച്ചിരുന്നു.

മകളുടെ കാമുകനായെത്തി പീഡിപ്പിക്കാന്‍ നോക്കിയവനെ ജോര്‍ജു കുട്ടി കൈകാര്യം ചെയ്ത രീതി. മൃതദേഹത്തെ ഒളിപ്പിക്കുക. വീട്ടിന് അടുത്ത് ചെറിയ കുഴിയായതിനാല്‍ കുഴിച്ചു മൂടുക പ്രയാസമായിരുന്നു. അതുകൊണ്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. എല്ലാം മയക്കുമരുന്നിന്റെ കുറ്റബോധത്തില്‍. അമ്മയെ രാവിലേയും കണ്ടില്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്. പൊലീസ് പിടിച്ചപ്പോള്‍ കുറ്റ ബോധമില്ലാതെ മൊഴി നല്‍കി. പക്ഷേ മൊഴികളിലെ വൈരുദ്ധ്യം വിനയാവുകയും ചെയ്തു.

അക്ഷയ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. അമ്മയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും മനസ്സിലാക്കി. ഇതുകൊണ്ട് തന്നെ പറയുന്നതൊന്നും പൊലീസ് വിശ്വസിച്ചില്ല. തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ വന്നു. ദൃശ്യം സിനിമയുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്ന പൊലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യല്‍ എല്ലാം മാറ്റി മറിച്ചു. ഇന്നലെ ഉച്ചയോടെ നടന്നത് അക്ഷയ് തുറന്നു പറഞ്ഞു. അപ്പോഴും കുറ്റബോധമൊന്നും അക്ഷയിനില്ല. തീര്‍ത്തും നിര്‍വ്വകാരനായി ചോദ്യങ്ങളെ നേരിട്ടു. അമ്മയെ കൊന്നതില്‍ കുറ്റബോധമില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ വ്യക്തമായ പദ്ധതിയോടെയാണ് അമ്മയെ അക്ഷയ് കൊന്നതെന്ന് പൊലീസ് വിലയിരുത്തുന്നു.

എഞ്ചിനിയറിങ് കോളേജില്‍ സകലകലാ വല്ലഭനായിരുന്നു അക്ഷയ്. ഇവിടെ ചാത്തന്‍ എന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. അതിലെ പ്രധാന അംഗം. സാംസ്‌കാരിക പരിപാടികളിലും മുന്നില്‍ നിന്നു. പക്ഷേ അടിപൊളി ജീവിതത്തിനിടെയില്‍ പഠനം മാത്രം മറന്നു. ലഹരി കൂടിയായപ്പോള്‍ ജീവിതം കൈവിട്ടു പോയി. അമ്മ ശത്രു പക്ഷത്തായി. വിദേശത്തുള്ള അച്ഛനും സഹോദരിയും കാര്യങ്ങള്‍ അറിഞ്ഞതോടെ പരമാവധി അകലം പാലിച്ചു. എങ്ങനേയും അക്ഷയിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. ഇതിനിടെ നാട്ടുകാരുമായി പോലും ഈ ഇരുപത്തിരണ്ടു കാരന്‍ മനപ്പൂര്‍വ്വം അകലം പാലിച്ചു. ദുരൂഹതകളിലൂടെയായി മുന്നോട്ട് പോക്ക്. സമീപത്ത് സുഹൃത്തുക്കളും കുറഞ്ഞു. അതിനിടെയാണ് നാടിനെ നടുക്കിയ കൊല പുറം ലോകം അറിയുന്നത്.

മണ്ണെണ്ണ ഉപയോഗിച്ചാണ് ദീപയുടെ മൃതദേഹം കത്തിച്ചതെന്നും പ്രദേശത്തെ പമ്പുകളിലൊന്നും പെട്രോള്‍ വാങ്ങാനോ മറ്റോ അക്ഷയ് പോയതായി വിവരമില്ലെന്നും പേരൂര്‍ക്കട സി.ഐ കെ.സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. അഞ്ചടി പത്തിഞ്ച് ഉയരമുള്ള അക്ഷയിന് 5അടി മൂന്നിഞ്ച് ഉയരമുള്ള അമ്മയെ പിന്നില്‍ നിന്ന് എളുപ്പത്തില്‍ തള്ളിയിടാനായി. തല ഒന്നാകെ മൂടിക്കെട്ടിയതിനാല്‍ ദീപയുടെ നിലവിളി പുറത്തുകേട്ടില്ല. സമീപവാസികളുമായി അടുപ്പത്തിലല്ലായിരുന്നു അമ്മ. ഇവരുടെ വീടിന്റെ മതിലിനോട് ചേര്‍ന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളില്‍ സംശയമുണ്ട്. രാത്രിയില്‍ പതിവായി ചവര്‍ കത്തിക്കാറുള്ളതിനാല്‍ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയല്‍ക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

പഠനകാലം മുതല്‍ അക്ഷയ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. അമ്മയെ സംശയിച്ച് അവരുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. മൂന്നുമാസം മുന്‍പ് അമ്മയ്ക്കെതിരായ ചില തെളിവുകള്‍ സഹോദരിക്ക് അക്ഷയ് ഇ-മെയിലിലൂടെ അയച്ചെന്ന മൊഴികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹോദരി അനഘയെയും അച്ഛനേയും പൊലീസ് ചോദ്യംചെയ്യും. മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാന്‍ മകള്‍ അനഘയുടെ രക്തസാമ്പിളുകള്‍ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് പരിശോധന. അശോകനും മകള്‍ അനഘയും കുടുംബവും കുവൈറ്റില്‍ നിന്ന് ഇന്നലെ നാട്ടിലെത്തിയിരുന്നു.

Top