കൊല്ലപ്പെട്ടുവെന്ന് പറയുന്ന ദിവസം ജിഷയെങ്ങനെ കോതമംഗലത്തെത്തി? ജിഷ യാത്ര ചെയ്ത ബസ്; ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു

jisha-murder-sandhya

പെരുമ്പാവൂര്‍: എങ്ങുമെത്താതെ ജിഷ വധക്കേസ് നീളുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുതിയ അന്വേഷണസംഘം പുറത്തുവിടുന്നത്. ജിഷ കൊല്ലപ്പെട്ടെന്നു പറയുന്ന ദിവസം ജിഷ കോതമംഗലത്തുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്തിനാണ് ജിഷ കോതമംഗലത്തേക്ക് പോയത്. കൊല നടന്നുവെന്ന് പറയുന്ന ദിവസം ബസില്‍ കയറിയാണ് ജിഷ കോതമംഗലത്തേക്ക് പോയത്.

രാവിലെ 11 മണിയോടെയായിരുന്നു ജിഷ കോതമംഗലത്തേക്ക് പോയത്. അവിടെ നിന്നും തിരിച്ച് രണ്ട് മണിയോടെ ജിഷ പെരുമ്പാവൂരിലെത്തി. പെരുമ്പാവൂരില്‍ നിന്നും ഓട്ടോറിക്ഷയിലാണ് ജിഷ വീട്ടിലെത്തിയത്. ജിഷ യാത്ര ചെയ്ത ബസിലേയും ഓട്ടോയിലേയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കോതമംഗലത്തേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

അതേസമയം ജിഷ കൊല ചെയ്യപ്പെട്ട ദിവസം സമീപത്തെ ടവറുകളില്‍ നിന്നും 27 ലക്ഷം ഫോണ്‍കോളുകള്‍ പോയതിന്റെ രേഖകളാണ് പൊലീസിന് ലഭിച്ചത്. ഈ ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഉടന്‍ തന്നെ പ്രതി വലയിലാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ജിഷയുമായി അടുത്ത് ബന്ധമുള്ള ആരെങ്കിലുമായിരിക്കാം കൊല നടത്തിയതെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പൊലീസ്.

Top