കേരള പോലീസ് ക്രമിനലുകളാല്‍ നിറയുന്നു; ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ച നിയന്ത്രണമില്ലാതെ

കേരള പോലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന് തലവേദനയാകുന്നു. പോലീസ് പൊതു ജനങ്ങള്‍ക്കെതിരെ നിലവിട്ട് പെരുമാറുന്നത് നിരന്തരം വാര്‍ത്തയാകുന്ന സാഹചര്യത്തില്‍ കാര്യമായ തിരുത്തലിന് ശ്രമിക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ്. നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായ പ്രശ്‌നത്തില്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പരാതി നല്‍കാനെത്തിയ ആളെ സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചെന്ന പരാതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗോപകുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയെന്നാണ് ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ സേനയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും, നല്ല നടപ്പ് പരീശീലനത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേലുദ്യോഗസ്ഥര്‍ക്ക് എതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നാണ് സൂചന. പരാതി നല്‍കാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. പൊലീസിന്റെ പെരുമാറ്റം മോശമായപ്പോള്‍ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണില്‍ സംഭവം റെക്കോര്‍ഡ് ചെയ്തത്.

ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയ്ക്ക് പിന്നാലെ ഗോപകുമാറിനെ കുട്ടിക്കാനം ആംഡ് ബറ്റാലിയന്‍ അഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Top