കൊല നടത്തിയത് കെജിഎഫ് സ്റ്റൈലില്‍!! ഡയലോഗുകളും ആക്ഷനും നായകന്റേത്; കൂസലില്ലാതെ പ്രതികള്‍

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ നടന്ന അരും കൊലയാണ് തിരുവനന്തപുരത്തെ കൊഞ്ചിറവിള സ്വദേശി അനന്തുവിന്റേത്. പട്ടാപ്പകല്‍ അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ചത് ഒരു പുതിയ സിനിമയുടെ സ്റ്റൈലിലാണെന്നാണ് പുറത്തു വരുന്ന വിവരം. കേസിലെ പ്രതികള്‍ അമിതമായ ലഹരി സിനിമാ ഭ്രാന്തുള്ള ആളുകളാണെന്ന് റിപ്പോര്‍ട്ട്.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കെജിഎഫ് എന്ന് ഡോണ്‍ ചിത്രം പ്രതികളെ അമിതമായി സ്വാധീനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിസംഘം 21 കാരനായ അനന്തുവിനെ കൊലപ്പെടുത്തുമ്പോഴും കെജിഎഫിലെ തീപാറുന്ന ഡയലോഗുകള്‍ പറഞ്ഞിരുന്നു. രൂപത്തിലും സംഭാഷണത്തിലും അടക്കം ഇവര്‍ നായകനെപ്പോലെ ആകാന്‍ ശ്രമിച്ചിരുന്നു.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിലാണ് കൊലപാതകത്തില്‍ കലാശിച്ചത്. 13 അംഗസംഘമാണ് കൊലപാതകം നടത്തിയത്. മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ഏഴുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒരാളെ ഒഴികെ എല്ലാവരേയും പോലീസ് പിടിയിലാകുകയും ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന സുമേഷിനുവേണ്ടിയുള്ള തിരച്ചില്‍ അന്വേഷണസംഘം ശക്തമാക്കിയിട്ടുണ്ട്.

കടുത്ത ലഹരിക്ക് അടിമകളായിരുന്ന സംഘം കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കാമുകിക്കും മറ്റൊരു കൊലക്കേസ് പ്രതിയായ പിതാവിനും അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവെടുപ്പിലും കൂസലില്ലാതെ പ്രതികള്‍ നിന്നതും സിനിമയുടെ പ്രചോദനം കാരണമാണെന്നാണ് നിഗമനം.

സംഘത്തില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷദിവസം തന്നെ കൊലപാതകത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. അനന്തുവിനെ മര്‍ദ്ദിച്ച് ബൈക്കില്‍ കയറ്റിയ ശേഷം വിജനമായ ഒരിടത്ത് എത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പോലീസ് തിരച്ചില്‍ നടത്തി എത്തിയപ്പോഴാണ് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Top