ദുരൂഹത നീങ്ങാതെ ആരോഗ്യ വകുപ്പിന്റെ കോവിഡ്കാല ഇടപാടുകള്‍. ജനങ്ങളുടെ രക്ഷയ്ക്കായി സ്വീകരിച്ച അടിയന്തര നടപടിയെ അഴിമതിയായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആരോഗ്യവകുപ്പിനെ ന്യായീകരിച്ചെങ്കിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കോവിഡ് കാലത്ത് നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള സംശയങ്ങളും ദുരൂഹതകളും തുടരുന്നു.
ക്രമക്കേടു തെളിയിക്കുന്ന ഒട്ടേറെ നിര്‍ണായക രേഖകള്‍ ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോപണങ്ങള്‍ എങ്ങനെ ഒതുക്കണം എന്ന ചര്‍ച്ചയിലാണ് ആരോഗ്യവകുപ്പ് ഉന്നതര്‍. കെഎംഎസ്സിഎല്‍ എംഡി: ശ്രീറാം വെങ്കട്ടരാമനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇന്നലെ ഇതിനായി പ്രാഥമിക കൂടിക്കാഴ്ചകള്‍ നടത്തിയതായി സൂചനയുണ്ട്.
കോവിഡ് കാലത്ത് ആരോഗ്യവകുപ്പു നടത്തിയ 49 ഇടപാടുകള്‍ സംശയകരമാണെന്നും അതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൂര്‍ണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുമാണ് മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നത്. എങ്കിലും നിയമസഭയില്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ വിശദീകരണം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നു തയാറാക്കിയ മറുപടിയാണു മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്.
1550 രൂപയ്ക്കു പിപിഇ കിറ്റുകള്‍ വാങ്ങിയത്, ഇംഗ്ലണ്ടില്‍ നിന്ന് ഒരു കോടി ഗ്ലൗസ് ഇറക്കുമതി ചെയ്തത്, കോവിഡിന്റെ തുടക്കകാലത്തു ശുചീകരണത്തിനു ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയത്, തൃശൂരില്‍ ആരോഗ്യ വകുപ്പിലെ കരാര്‍ ജീവനക്കാരന്റെ സ്ഥാപനവുമായി 5 കോടിയുടെ ഇടപാടുകള്‍ നടത്തിയത്, കൂടിയ വിലയ്ക്കു തെര്‍മോമീറ്റര്‍ വാങ്ങിയത് എന്നിവയാണു പ്രധാനമായും സംശയനിഴലിലുള്ളത്.
2020 ന്റെ തുടക്കത്തില്‍ 400-450 രൂപയ്ക്കു മൂന്നു കമ്പനികളില്‍ നിന്നു പിപിഇ കിറ്റ് വാങ്ങിയിരുന്ന കെഎംഎസ്സിഎല്‍ ഒരാഴ്ചയ്ക്കു ശേഷം സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് 1550 രൂപയ്ക്ക് ഓര്‍ഡര്‍ നല്‍കിയതും ദുരൂഹമാണ്. ഒറ്റയടിക്ക് 9.3 കോടി രൂപയുടെ ഓര്‍ഡര്‍ കൊടുത്തു. കെഎംഎസ്സിഎലുമായി നേരത്തേ ഇടപാടുകള്‍ നടത്തിയിട്ടില്ലാത്ത കമ്പനിക്കാണ് ഓര്‍ഡര്‍ കൊടുത്തത് . ഈ ഇടപാടും ധനവകുപ്പിന്റെ പരിശോധനയിലാണ്.