കൊച്ചി : സി.പി.എം അനുഭാവിയും കൈരളി ചാനൽ മേധാവിയുമായ മമ്മൂട്ടി ഇത്തവണ ലോകസഭയിലേയ്ക്ക് മൽസരിക്കുമെന്ന് സൂചന. സി.പി.എം മമ്മൂട്ടിയെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതായി പലതവണ റൂമറുകൾ വന്നിരുന്നു.എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ഇപ്പോള്‍ ഒരു ചര്‍ച്ചയും തുടങ്ങിയിട്ടില്ലെന്നും കേരളം ഇടതുപക്ഷത്തെ സംബന്ധിച്ച് നിര്‍ണ്ണായക സംസ്ഥാനമാണെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.നിലവിലെ എം.പിമാരുടെ പ്രകടനം കുടി സീറ്റ് നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും. പൊതു സമ്മതരെ നിര്‍ത്തി പിടിച്ചെടുക്കാന്‍ പറ്റുന്ന സീറ്റുകളില്‍ അതിനും ശ്രമിക്കും.
നടന്‍ മമ്മൂട്ടി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ എവിടെ വേണമെങ്കിലും അതിന് അവസരമൊരുക്കുമെന്ന് പ്രമുഖ സി.പി.എം നേതാവ് ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തി.സാമൂഹിക മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടത്തി വരുന്ന മമ്മൂട്ടിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്ലാ അര്‍ഹതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം അനുകൂല കൈരളി ചാനലിന്റെ ആരംഭ കാലം മുതല്‍ ചെയര്‍മാനായ മമ്മൂട്ടി സി.പി.എം നേതൃത്വത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയായതിനാല്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് സി.പി.എം മത്സരിപ്പിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം സ്വന്തമാക്കിയ പശ്ചാത്തലത്തില്‍ മമ്മൂട്ടി അഭിനയത്തോട് വിട പറയാനുള്ള സാധ്യതയും സജീവമായുണ്ട്.
ഈ സാഹചര്യത്തില്‍ രാജ്യസഭാ മോഹം വിട്ട് ലോക്‌സഭയിലേക്ക് ഒരു കൈ നോക്കാന്‍ മമ്മൂട്ടി തീരുമാനിച്ചാല്‍ അത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് വഴിതിരിവാകും.
മത്സരിക്കുന്നത് സംബന്ധമായ തീരുമാനം സൂപ്പര്‍ താരത്തിന് വിട്ട സി.പി.എം, പക്ഷേ എന്ത് വില കൊടുത്തും ഇത്തവണ ഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളും പിടിച്ചെടുക്കുമെന്ന വാശിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, മാവേലിക്കര, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങള്‍ യു.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാനും ഇടത് മണ്ഡലങ്ങള്‍ നിലനിര്‍ത്താനും ആവശ്യമായ ‘തന്ത്രം’ പ്രയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം.
മാണി വിഭാഗവുമായി കോട്ടയത്ത് ധാരണയുണ്ടാക്കിയാല്‍ പത്തനംതിട്ട, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
ഇടുക്കിയില്‍ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താനും ഇത്തരമൊരു ധാരണ സഹായകരമാകും. എന്നാല്‍ ബാര്‍ കോഴ കേസില്‍ മാണി പൂര്‍ണ്ണമായും കുറ്റവിമുക്തനായാല്‍ മാത്രമേ ധാരണക്ക് സാധ്യതയുണ്ടാകൂ.
തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ മണ്ഡലങ്ങള്‍ സി.പി.ഐക്ക് വേണ്ടി സി.പി.എം നീക്കിവയ്ക്കാറാണ് പതിവെങ്കിലും ചില മണ്ഡലങ്ങള്‍ വച്ച് മാറാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് നിന്നുള്ള 20 ലോകസഭാംഗങ്ങളില്‍ നിലവില്‍ ഇടതു പക്ഷത്തിന് 8 ഉം യു.ഡി.എഫിന് 12 പേരുമാണുള്ളത്. ഇതില്‍ സി.പി.എമ്മിന് പാര്‍ട്ടി സ്വതന്ത്രരടക്കം 7 പേരുണ്ട്. ഒന്ന് സി.പി.ഐയുടേതാണ്.
യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിന് 8 സീറ്റുകളും മുസ്ലീം ലീഗ് 2 സീറ്റും ആര്‍.എസ്.പിക്ക് ഒന്നുമാണ് ഉള്ളത്. യു.ഡി.എഫിന്റെ ഭാഗമായി കഴിഞ്ഞ തവണ മത്സരിച്ച കേരള കോണ്‍ഗ്രസ്സിന് ഒരു ലോക്‌സഭാംഗമുണ്ട്, ആകെ 12.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, മാവേലിക്കര , കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, പൊന്നാനി, കോഴിക്കോട്, വടകര വയനാട്, എന്നീ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചത്.
ഇടതുപക്ഷമാകട്ടെ കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, ചാലക്കുടി, പാലക്കാട്, ആലത്തൂര്‍, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും വിജയിച്ചു. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.
ബംഗാളില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും 15ല്‍ കുറയാത്ത എം.പിമാരെയാണ് പാര്‍ട്ടി ലോക്‌സഭയിലേക്ക് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദേശീയ തലത്തില്‍ തന്നെ കര്‍ണ്ണാടകയും കേരളവുമാണ് പിടിവള്ളിയായി പ്രധാനമായും അവശേഷിക്കുന്നത്.
ഒരു എം.പി പോലും കുറയുന്നത് ചിന്തിക്കാന്‍ പോലും ഹൈക്കമാന്റിന് പറ്റില്ല. മോദിക്കെതിരെ പട നയിക്കാന്‍ അംഗബലം കൂടണമെങ്കില്‍ കേരളത്തിലെ വിജയം അവര്‍ക്കും അനിവാര്യമാണ്.ഏതാനും സീറ്റുകളും വന്‍ വോട്ട് വര്‍ദ്ധനവും ലക്ഷ്യമിടുന്ന ബി.ജെ.പിക്കുമുണ്ട് കേരളത്തില്‍ ചില താമര സ്വപ്നങ്ങള്‍. നിയമസഭയിലേത് പോലെ ലോക്‌സഭയിലും ഇത്തവണ കേരളത്തില്‍ നിന്നും താമര വിരിയുമെന്നാണ് അവരുടെ അവകാശവാദം.