ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം എങ്ങുമെത്താതെ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ ഉയര്‍ന്നുവന്ന പേരാണ് പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന്റേത്. മെഹര്‍ തെരാറുമായി ശശി തരൂരിന് പ്രണയബന്ധമുണ്ടോ? ഇതാണോ സുനന്ദയുടെ മരണത്തിന് കാരണമാക്കിയത്? ഇതിനൊക്കെയുള്ള ഉത്തരവുമായി മെഹര്‍ തരാര്‍ തന്നെ രംഗത്തെത്തി.
ശശി തരൂരുമായി പ്രണയത്തിലായിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഹര്‍ തരാര്‍ ദില്ലി പൊലീസിനെ അറിയിച്ചു. ശശി തരൂരും മെഹര്‍ തരാറും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും, ഈ ബന്ധത്തില്‍ സുനന്ദ പുഷ്‌കര്‍ അസ്വസ്ഥയായിരുന്നു എന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിംഗ് ദില്ലി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇവര്‍ തമ്മില്‍ പരസ്പരം അയച്ച സന്ദേശങ്ങളും ഈമെയിലുകളും ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് സുനന്ദ പുഷ്‌കര്‍ പറഞ്ഞിരുന്നതായും നളിനി സിംഗ് ദില്ലി പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് മെഹര്‍ തരാറിന് ഈമെയില്‍ അയച്ചിരുന്നു.
അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം ദില്ലിയില്‍ എത്തിയ തരാറിനെ മൂന്നു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ വികെ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തരാറിനെ ചോദ്യം ചെയ്തത്. ശശി തരൂരുമായി പ്രണയ ബന്ധം ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഹര്‍ തരാര്‍ പൊലീസിനെ അറിയിച്ചു. തരൂരിന് പ്രണയ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും തരാര്‍ മൊഴി നല്‍കി. തരാര്‍ അന്വേഷണ ഉദ്യാഗസ്ഥരുമായി പൂര്‍ണമായും സഹകരിച്ചിരുന്നതായി ദില്ലി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മെഹര്‍ തരാറിന്റെ മൊഴികള്‍ നിര്‍ണായകമാണെന്ന് ദില്ലി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.