വാഴ്‌സോ: നാസി കാലത്തേതെന്ന് കരുതുന്ന സ്വര്‍ണം നിറച്ച ട്രെയിന്‍ കണ്ടെത്തിയതായി വാര്‍ത്ത. ജര്‍മന്‍, പോളണ്ട് വംശജരായ രണ്ടു പേരാണ് നഗരത്തിലൊരിടത്ത് ഭൂമിക്കടിയില്‍ സ്വര്‍ണ ട്രെയിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയത്. ഇതോടെ ട്രെയിന്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന പശ്ചിമ പോളണ്ടിലെ വാള്‍ബ്രസിച് നഗരത്തിലേക്ക് ആളുകളുടെ അണമുറിയാത്ത ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്.
കൈമാറിയാല്‍ മൊത്തം നിധിയുടെയും ട്രെയിനിന്റെയും മൂല്യം കണക്കാക്കി 10 ശതമാനം കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയാല്‍ മാത്രമേ അപൂര്‍വ കണ്ടെത്തലിനെ കുറിച്ച വിശദാംശങ്ങള്‍ പുറത്തുവിടുകയുള്ളൂവത്രെ. ഇതില്‍ 300 ടണ്‍ സ്വര്‍ണവും വിലകൂടിയ രത്‌നങ്ങളും വ്യവസായിക ഉപകരണങ്ങളുമുള്ളതായി ഇവര്‍ പറയുന്നു. ടൈറ്റാനിക്കിലേതിനു സമാനമായി ആഗോള പ്രാധാന്യമുള്ള കണ്ടെത്തലാണിതെന്നും സര്‍ക്കാറുമായി ആശയവിനിമയം തുടരുകയാണെന്നും ഇരുവരുടെയും അഭിഭാഷകനും വ്യക്തമാക്കി.
പ്രാദേശിക വിശ്വാസപ്രകാരം, രണ്ടാം ലോക യുദ്ധത്തിന്റെ അവസാന നാളുകളില്‍ ചെമ്പട അടുത്തെത്തുകയും സഖ്യകക്ഷികള്‍ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെയാണ് കോടികള്‍ മൂല്യമുള്ള നിധി കയറ്റിയ ട്രെയിന്‍ അന്ന് ജര്‍മനിയുടെ ഭാഗമായിരുന്ന പോളണ്ട് നഗരം വാള്‍ബ്രസിചിലെ ഏതോ മലനിരകള്‍ക്കടിയിലെ തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയത്. സ്വര്‍ണ്ണം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഇരുവരുടെയും അഭിഭാഷകര്‍ കൈമാറിയ കത്ത് ലഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേസമയം, ട്രെയിന്‍ നിറയെ സ്‌ഫോടക വസ്തുക്കളാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല. 1945ല്‍ തെക്കു പടിഞ്ഞാറന്‍ ജര്‍മനിയിലെ മെര്‍കേഴ്‌സില്‍ 100 ടണ്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം പുതിയ കണ്ടെത്തിലെന്നാണ് അനുമാനം. തറനിരപ്പില്‍നിന്ന് 70 അടി താഴ്ചയിലാണ് ട്രെയിന്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.