പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധികള്‍ കാണാതായത് വര്‍ഷങ്ങള്‍ക്ക്മുന്‍പ്; സംഭവം അധികൃതര്‍ മറച്ചുവെച്ചു

Padmanabhaswamy-Temple

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി പ്രശ്‌നം അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ നിലവറകള്‍ തുറന്ന് അമൂല്യനിധിശേഖരവും രത്‌നങ്ങളും കൊണ്ടുപോയെന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. 2013നും 2016നും ഇടയിലാണ് ഇവ കാണാതായതെന്നാണ് സൂചന.

2013ല്‍ ചുമതലയേറ്റ പെരിയ നമ്പി 2016 ഏപ്രിലില്‍ സ്ഥാനമൊഴിയുമ്പോള്‍ ആഭരണങ്ങള്‍ തിരിച്ചുനല്‍കുന്നതിനിടെ നടത്തിയ കണക്കെടുപ്പിലാണ് നിധിശേഖരം കാണാതായത് അറിഞ്ഞത്. നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. ഏപ്രില്‍ 22നാണ് ക്ഷേത്രത്തില്‍ കണക്കെടുപ്പ് നടന്നത്. ഇക്കാര്യം അധികൃതര്‍ രഹസ്യമായിവച്ചതിന്റെ വിശദാംശങ്ങള്‍ അടക്കം ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെരിയ നമ്പിയുടെ മാത്രം കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകളിലെ ശേഖരങ്ങളില്‍ ചിലതാണ് കാണാതായത്. അനന്ത ശയനവിഗ്രഹത്തിന് തൊട്ടുതാഴെ പത്മനാഭവിഗ്രഹം, ഭൂമിദേവി വിഗ്രഹം, ലക്ഷ്മീദേവിവിഗ്രഹം എന്നിവയില്‍ ചാര്‍ത്തുന്നതാണിത്. ഇതില്‍ സ്വര്‍ണപ്പൂക്കളുള്ള ജമന്തിമാലയില്‍ കോര്‍ത്ത മൂന്ന് സ്ഫടികക്കല്ല്, മാണിക്യമാലയിലെ മൂന്ന് മരതകക്കല്ല്, നാല് മാണിക്യക്കല്ല്, മാണിക്യമാലയുടെ വജ്രത്തിന്റെ ഒരു കഷണം, 212 വജ്രക്കല്ല് പതിച്ച ലോക്കറ്റിലെ ഒമ്പത് വജ്രക്കല്ല്, ഭൂമീദേവിയുടെ കല്ലുകള്‍ പതിച്ച സ്വര്‍ണക്കിരീടത്തിന്റെ മൂന്നു മാണിക്യക്കല്ല്, ഒരു വജ്രക്കല്ല് എന്നിവ കാണാതായതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനുപുറമെ കല്ലുവച്ച മൂന്നുതട്ടുള്ള സ്വര്‍ണക്കുടയിലെ ആറ് പുഷ്പരൂപം, അഞ്ച് വെള്ളക്കല്ല്, മൂന്നുതട്ടുള്ള സ്വര്‍ണക്കുടയിലെ അഞ്ച് ആലില, മൂന്നുതട്ടുള്ള വെള്ളിക്കാല്‍ സ്വര്‍ണക്കുടയിലെ മൂന്ന് ആലില എന്നിവയും കാണാതായി. ഇതില്‍ ഒമ്പത് ലോക്കറ്റിലെ വജ്രക്കല്ലുകള്‍ക്കുമാത്രം 20 ലക്ഷത്തിലേറെയാണ് മാര്‍ക്കറ്റ് വില. എന്നാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇതിന്റെ പുരാവസ്തുമൂല്യംകൂടി കണക്കാക്കുകയാണെങ്കില്‍ കോടികള്‍ വിലമതിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മറ്റ് രത്നങ്ങളും വജ്രങ്ങളും അമൂല്യനിധിയാണ്. ഓഗസ്റ്റ് ഒന്നിനാണ് കാണാതായവയുടെ മൂല്യം കണക്കാക്കിയ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് ലഭിച്ചത്.
മുമ്പ്, തങ്കക്കുടയിലെ മുത്തുകളടക്കമുള്ളവ കാണാനില്ലെന്ന് അഭിഭാഷക കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചില ആഭരണങ്ങള്‍ കാണാനില്ലെന്ന് അമിക്കസ് ക്യൂറിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top