ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് പിന്നാലെ മാധ്യമ ലോകത്തും മീ ടൂ ശക്തമാവുകയാണ്. സന്ധ്യാ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ ശ്രീനിവാസിന് നേരെ ആരോപണമുന്നയിക്കുകയും ഇന്ന് അദ്ദേഹം ജോലിയില്‍ നിന്നും രാജിവെക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റസിഡന്റ് എഡിറ്ററായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ക്കെതിരെ ആരോപണവുമായി മാധ്യമ പ്രവര്‍ത്തക യാമിനിയാണ് രംഗത്തെത്തിയിരിക്കുന്നത്.
‘എന്റെ മീ റ്റൂ നിമിഷം ‘ (My #metoo moment) എന്ന തലക്കെട്ടോടുക്കൂടി തന്റെ ബ്ലോഗില്‍ ഒക്ടോബര്‍ 9 ന് എഴുതിയ കുറിപ്പില്‍ ഒരു ദേശീയ ദിനപത്രത്തില്‍ തിരുവനന്തപുരത്ത് ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തി അപമാനിച്ചതായി ഇവര്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളൊന്നും ഇത് വാര്‍ത്തയാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് ഒക്ടോബര്‍ 12നു മറ്റൊരു യുവതികൂടി സമാനമായ വെളിപ്പെടുത്തലുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അതില്‍ പരാമര്‍ശിച്ചിരിക്കുന്നത് ദി ഹിന്ദു പത്രത്തിന്റെ കേരളത്തിലെ ചീഫ്, ഗൗരിദാസന്‍ നായര്‍ ആണ് അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ്.
ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അതിനു നേരെ കണ്ണടച്ച് ‘Us too’ എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ എഴുതി ഹിന്ദു പ്രസിദ്ധീകരിച്ചത്.
ഹിന്ദുവിന്റെ ഈ പിന്തിരിപ്പന്‍ നിലപാടിനെതിരെ പ്രതിഷേധമറിയിച്ച് വി എസ് അച്ചുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ.എം. ഷാജഹാന്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു…പോസ്റ്റ് ചുവടെ..
ഞാൻ കഴിഞ്ഞ ദിവസം എഴുതിയ സ്ത്രീ പീഡന സംഭവത്തിലെ പ്രതി മറ്റാരുമല്ല, “ദി ഹിന്ദു” എന്ന ദേശീയ ദിനപത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററും, മുതിർന്ന മാധ്യമ പ്രവർത്തകനും, ബുദ്ധിജീവിയും, സെലിബ്രിറ്റിയുമായ
സി.ഗൗരീദാസൻ നായരാണ്.
യാമിനി നായരുടെ ബ്ലോഗിൽ കമന്റിട്ട, OneleggedGodwit എന്ന പേരിൽ പേര് വെളിപ്പെടുത്താത്ത ഒരു വനിതയാണ്, ഒക്ടോബർ 13 ന് ഗൗരീദാസൻ നായരുടെ പേര് ആദ്യം വെളിപ്പെടുത്തിയത്. താൻ തിരുവനന്തപുരത്ത് ജേർണ്ണലിസം വിദ്യാർത്ഥിനിയും ആ വർഷത്തെ ടോപ്പറും ആയിരുന്നു എന്ന് സ്വയം പരിചയപ്പെടുത്തിയ അവർ, തന്റെ കമന്റിൽ ഇപ്രകാരം പറഞ്ഞു:
“നമ്മൾ തമ്മിൽ ഇതിന് മുമ്പ് ഒരിക്കലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലെങ്കിലും, നിങ്ങൾ ബ്ലോഗിൽ പരാമർശിച്ചത് പ്രശസ്ത മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ ഗൗരീദാസൻ നായരെ കുറിച്ചായിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല”.
ഇങ്ങനെ എഴുതിയ ആ വനിത, അവർക്ക് ഗൗരീദാസൻ നായരിൽ നിന്നുണ്ടായ പീഢനാ നുഭവം മറ്റൊരു കമന്റിൽ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി (വിശദാംശങ്ങൾക്ക് ijustremember.blogspot.com എന്ന ബ്ലോഗിൽ OneleggedGodwit എന്ന പേരിൽ ഒക്ടോബർ 13 ന് 2.23 AM നെഴുതിയ കമന്റ് വായിക്കുക).
ഭീകരമായ അനുഭവമാണ് ഈ വനിതക്ക് ഇയാളിൽ നിന്നുണ്ടായത്. ഈ വനിതയെ കാറിൽ കയറ്റി വിജനമായ ഒരു പ്രദേശത്ത് കൊണ്ട് പോയി കാറിൽ വച്ച് ഇയാൾ അവരെ കടന്നുപിടിക്കുകയും അവർ കാറിൽ നിന്നിറങ്ങി ഓടി രക്ഷപെട്ടു എന്നുമാണ് ഇവർ രേഖപ്പെടുത്തിയിരിക്കുന്നത് !!!
ഒരു sexual predator ന്റെ സ്വഭാവമാണ് ഇയാൾ ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. യാമിനി നായർക്കുണ്ടായ അനുഭവത്തിലും, ലൈംഗിക തൃഷ്ണയുമായി പാഞ്ഞ് നടക്കുന്ന വേട്ടക്കാരന്റെ സ്വഭാവം ഒളിഞ്ഞിരിപ്പുണ്ട്.ചെന്നൈയിൽ ചെന്ന് വേട്ടയാടാനാണ് അവിടെ, അന്ന് അയാൾ ശ്രമിച്ചത്.
വനിതകൾ സധൈര്യം പുറത്ത് പറഞ്ഞ രണ്ട് അനുഭവങ്ങൾ മാത്രമാണിത്. അവർ പുറത്ത് പറയാൻ മടിക്കുന്ന എത്രയോ ഏറെ ഞെട്ടിക്കുന്ന അനുഭവങ്ങൾ അവർക്ക് ഇയാളിൽ നിന്ന്ഉണ്ടായിട്ടുണ്ടാവും എന്ന് ഉറപ്പാണ്.
ഇങ്ങനെയൊരു sexual offender സർവ്വതന്ത്ര സ്വതന്ത്രനായി ഒരു ദേശീയ ദിനപത്രത്തിന്റെ റസിഡൻറ് എഡിറ്ററായി തുടരുന്നതിൽ പരം നാണക്കേട് എന്തുണ്ട്?
അതും “ദി ഹിന്ദു” പോലുള്ള ഒരു ദേശീയ ദിനപത്രത്തിന്റെ കേരളത്തിലെ തലവനായി തുടരുന്നത്?
അത് കൊണ്ട് ഇയാളെ ഉടനടി തൽസ്ഥാനത്ത് നിന്ന് നീക്കാൻ “ദി ഹിന്ദു” ദിനപത്രത്തിന്റെ എഡിറ്റർ തയ്യാറാകണം.
“ദി ഹിന്ദു” ദിനപത്രത്തിലെ ആത്മാഭിമാനമുള്ള വനിതാ മാധ്യമ പ്രവർത്തകർ ഇയാളുമായി ഒരുമിച്ച് പ്രവർത്തിക്കാനാവില്ല എന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം കാട്ടണം.
ഇയാൾക്കെതിരെ ഇത്രയേറെ തെളിവുകൾ പുറത്ത് വന്നിട്ടും ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഒരു മാധ്യമവും തയ്യാറായില്ല എന്നതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത ഒറ്റയടിക്ക് തകർന്നിരിക്കുകയല്ലേ?
ഇനിയാരാണ് സ്ത്രീ പീഢന കേസുകളിൽ മാധ്യമങ്ങളെ വിശ്വസിക്കുക?
അതോ മാധ്യമ തമ്പുരാക്കന്മാരും ഇത് പോലെ സ്ത്രീകളുടെ തുറന്ന് പറച്ചിലുകൾ ഭയക്കുന്നുണ്ടോ?
കേരളത്തിൽ എന്റെ അറിവിൽ രണ്ട് വാർത്താ പോർട്ടലുകളായ Leftclicknews ഉം Doolnews ഉം മാത്രമാണ് യാമിനി നായരുടെ ബ്ലോഗ് വാർത്തയാക്കിയത്.
മറ്റുള്ള എല്ലാ വാർത്താ മാധ്യമങ്ങളും ഈ വിഷയത്തിൽ ഒട്ടകത്തെ പോലെ മണ്ണിൽ തല പൂഴ്ത്തിയിരിക്കുകയാണ്!
എവിടെയാണ് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ?
എവിടെയാണ് ഇടതിന്റെയും വലതിന്റെയും വനിതാ നേതാക്കൾ?
എവിടെയാണ് ആനി രാജയും വൃന്ദാ കാരാട്ടും?
എവിടെ വിപ്ലവകാരികളായ വനിതാ സാംസ്കാരിക നേതാക്കൾ?
എന്തായാലും ഈ മുതിർന്ന മാധ്യമ പ്രവർത്തകൻ, താൻ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടേ മതിയാകൂ.
അതിന് ആദ്യമായി ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കണം.
അതിനുള്ള സമ്മർദ്ദം ജനങ്ങളിൽ നിന്നുണ്ടാകണം.
അതിന് കഴിയുന്നത്ര പേർ ഇക്കാര്യം ആവശ്യപ്പെട്ട് ദി ഹിന്ദു എഡിറ്റർക്ക് കത്തുകൾ അയക്കണം.
———————————————————————
ഇതിനിടയിൽ ഉണ്ടായ ശുഭകരമായ വാർത്ത അറിയിക്കട്ടെ.
യാമിനി നായർ ട്വിറ്ററിൽ ഇന്ന് (ഒക്ടോബർ 14) ഒരു വിശദീകരണവുമായി വന്നിട്ടുണ്ട്. അതിൽ അവർ ഇപ്രകാരം പറയുന്നു:
“ഒരു വിശദീകരണം. പ്രത്യേക കാരണം കൊണ്ടാണ് ഞാൻ എന്റെ ബ്ലോഗിൽ ആ വ്യക്തിയുടെ പേര് പരാമർശിക്കാതിരുന്നത്. അയാൾ ജോലി ചെയ്യുന്ന സ്ഥാപനം ഒരു അന്വേഷണം ആരംഭിച്ചാൽ ഞാൻ അവരോട് പേര് വെളിപ്പെടുത്താം. കാത്തിരിക്കാനാണ് ഇപ്പോൾ തീരുമാനം.” (“A clarification. I have not named the person in my blog for specific reasons.If the organisation he is working working initiats a probe, I will disclose the name to the panel.Decision is to wait for now”)( YamiNair(@YamiNair 312)(link: httpss://Twitter.com/YamiNair312/status/105121696720854016?s=17).
ഒരു അന്വേഷണത്തിന് എത്രയും പെട്ടെന്ന് ഉത്തരവിടുക എന്നത് ഇനി “ദി ഹിന്ദു” എന്ന ദേശീയ ദിനപത്രത്തിന്റെ എഡിറ്ററുടെ ചുമതലയാണ്.
അത് ചെയ്യുന്നതെപ്പോൾ എന്ന് ഉറ്റുനോക്കിക്കൊണ്ടരിക്കുകയാണ്, ഞാൻ ഉൾപ്പെടെയുള്ള ഈ പത്രത്തിന്റെ വായനക്കാർ.