ഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണത്തിന് വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ തിരികെയെത്തി. നൈജീരിയയില്‍ ഇന്ത്യാ വെസ്റ്റ് ആഫ്രിക്ക കോണ്‍ക്ലേവില്‍ പങ്കെടുത്ത ശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും മന്ത്രി പ്രതികരിച്ചില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അക്ബര്‍ കൂടിക്കാഴ്ച നടത്തും. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് മന്ത്രി വിശദീകരിക്കുമെന്നാണ് സൂചന. വിദേശ സന്ദര്‍ശനം നിര്‍ത്തി എത്രയും പെട്ടെന്ന് അക്ബര്‍ തിരികെയെത്തണമെന്ന് കഴിഞ്ഞ ദിവസം മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കി അക്ബര്‍ തിരികെ ഡല്‍ഹിയിലെത്തിയത്.
അക്ബറിനെതിരായ ലൈംഗികാരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആര്‍ക്കെതിരെയും സമൂഹമാദ്ധ്യമങ്ങള്‍ വഴി ആരോപണം ഉന്നയിക്കാം. പോസ്റ്റുകളുടെ കൃത്യതയും വെളിപ്പെടുത്തിയവരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഷാ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ അക്ബറിന്റെ വിശദീകരണത്തിന് ശേഷമാകും തീരുമാനം.മാദ്ധ്യമപ്രവര്‍ത്തകനായിരിക്കെയുള്ള പെരുമാറ്റങ്ങളാണ് അക്ബറിനെതിരെ ആരോപണമായി ഉന്നയിക്കുന്നതെന്ന് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയുള്ള അക്ബറിന്റെ രാജി ഗുണം ചെയ്യുമെന്നും ബി.ജെ.പിയില്‍ വിലയിരുത്തലുണ്ട്.