മെട്രോയ്ക്ക് സ്ഥിരം ശല്യമായി ശീമാട്ടി; പണി നൽകിയ ശീമാട്ടിക്കു തിരികെ മുട്ടൻ പണിയുമായി കൊച്ചി മെട്രോയും

സ്വന്തം ലേഖകൻ

കൊച്ചി: മെട്രോ നിർമ്മാണത്തിനിടെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനു മുട്ടൻ പണി നൽകിയ ശീമാട്ടിക്കു തിരികെ പണി നൽകി കെ.എംആർഎൽ. സ്ഥലം വിട്ടു നൽകാതെവട്ടം കറക്കുകയും, സർക്കാർ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്യുന്നതിനു ഫീസ് വാങ്ങുകയും ചെയ്യുന്ന ശീമാട്ടിയെ പാഠംപഠിപ്പിച്ചാണ് ഇപ്പോൾ മെട്രോ റെയിൽ കോർപ്പറേഷന്റെ പണികൾ പുരോഗമിക്കുന്നത്.കൊച്ചിയുടെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ പാത കടന്നു പോകുന്നതിനു വേണ്ടി എറണാകുളം എംജി റോഡിനു സമീപമുള്ള ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. 35 സെന്റ് സ്ഥലമാണ് 17 കോടി രൂപ നൽകി ലാൻഡ് റെവന്യൂ ഡിപ്പാർട്മെന്റ് ഏറ്റെടുത്തത്ത്. മൊത്തം തുകയുടെ 80 ശതമാനം ശീമാട്ടി കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കി 20 ശതമാനം കൈപറ്റാതെ സ്വപ്ന പദ്ധതിക്കെതിരെ നിരന്തരം വെല്ലുവിളി ഉയർത്തുകയാണ് ശീമാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 -16 വർഷത്തിലാണ് കേരളാ ലാൻഡ് റെവന്യൂ വിഭാഗം സ്ഥലം ഏറ്റെടുക്കുകയും മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി കെ എം ആർ എൽ നു കൈമാറുകയും ചെയ്തത്. കഴിഞ്ഞ മാസമാണ് കെ എം ആർ എൽ ഇവിടുത്തെ പണികൾ പൂർത്തീകരിച്ചത് .സർക്കാർ നൽകിയ തുകയുടെ അവസാന 20 ശതമാനം കൈപറ്റാതെ മെട്രോയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന തടസങ്ങൾ ശീമാട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരുന്നു എന്ന് മെട്രോ അധികൃതർ പറയുന്നു. എല്ലാ കാര്യങ്ങളും സംസാരിച്ചു തീർപ്പാക്കിയാലും തൊട്ടടുത്ത ദിവസം പുതിയ ഒരു വാദവുമായി ശീമാട്ടി രംഗത്ത് വരുന്നതാണ് മെട്രോയ്ക്ക് സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നത്.

ഇതുമാത്രമല്ല, സർക്കാരിന് വിറ്റ ഈ സ്ഥലത്തു പാർക്കിംഗ് ഫീസ് പിരിക്കൽ ശീമാട്ടി തുടർന്ന് കൊണ്ടിരുന്നു. അതിനെതിരെ ജനങ്ങളുടെ പ്രതിഷേധവും പതിവായിരുന്നു. ഓരോ വാഹനത്തിനും 500 രൂപയാണ് ശീമാട്ടി പാർക്കിങ്ങിനായി പിരിച്ചിരുന്നത്, ആ തുക ശീമാട്ടിയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി മുതലാക്കാം എന്ന് മാത്രം. പക്ഷെ സർക്കാരിന്റെ സ്ഥലത്തു വാഹനം പാർക്ക് ചെയ്യുന്നതിന് ശീമാട്ടിക്ക് എന്തിനാണ് പണം നൽകുന്നതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ചോദ്യം.

എന്നാൽ ഇപ്പോൾ എല്ലാ ചോദ്യങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് മെട്രോയുടെ സ്ഥലം അവർ ഇരുമ്പു വേലികെട്ടി തിരിച്ചു. ഇനി അവിടെ ശീമാട്ടിയിലേക്കു വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കില്ല, ഒപ്പം അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മേൽ ശീമാട്ടിക്കു പാർക്കിംഗ് ഫീസ് പിരിക്കാനും സാധിക്കില്ല. നിലവിൽ ശീമാട്ടിയിലേക്കുള്ള പ്രധാന വഴി കച്ചേരിപ്പടി ബാനർജി റോഡിലൂടെയും, എംജി റോഡിലൂടെയുമായിരുന്നു. എന്നാൽ ഇപ്പോൾ വാഹനമുള്ളവർ ചിറ്റൂർ വഴി വളഞ്ഞു വേണം ശീമാട്ടിയിലേക്കെത്താൻ. അല്ലെങ്കിൽ ബാനർജി റോഡിലൂടെ വന്നു മെട്രോയ്ക്കു അപ്പുറമുള്ള പഴയ പാർക്കിങ്ങിൽ വാഹനം നിർത്തി മെട്രോയുടെ സമ്മതത്തോടു കൂടി ചെറിയ വിടവിലൂടെ നടന്നു വേണം ശീമാട്ടിയിൽ എത്താൻ.

നിലവിൽ മെട്രോ പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടു നൽകിയ ആരും കെ എം ആർ എൽനെ ഇതുപോലെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്നാണ് മെട്രോ അധികൃതരുടെ ഭാഷ്യം. അതുകൊണ്ടു തന്നെ മറ്റെവിടെയും കാണാത്ത രീതിയിൽ തങ്ങളുടെ സ്ഥലം മുഴുവനായി അടച്ചു കെട്ടി ഒരു ചെറിയ നടപ്പാത മാത്രം നൽകിയാണ് തങ്ങളോട് കാണിച്ച ദ്രോഹങ്ങൾക്കു മെട്രോയുടെ മധുര പ്രതികാരം. പക്ഷെ പ്രശ്നം പൂർണമായി അവസാനിച്ചു എന്ന് പറയാനായിട്ടില്ല കാരണം സ്ഥലത്തിന്റെ ബാക്കിയുള്ള തുക 20 ശതമാനം ഇനിയും കൈപറ്റാത്ത ശീമാട്ടി ദ്രോഹങ്ങളുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് മെട്രോ അധികൃതരും പറയുന്നത്. മെട്രോ ഓടി തുടങ്ങിയാൽ ചിലപ്പോൾ എല്ലാം അവസാനിക്കാനും ഇടയുണ്ട്. അടുത്ത മാസം മൂന്നിന് പാലാരിവട്ടം മുതൽ മഹാരാജാസ് വരെ മെട്രോയുടെ സർവീസ് ഓടി തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.

Top