എംജിആറിന്റെ വിടവ് നികത്തുമോ രജനികാന്ത്?

ശാലിനി  (ഹെറാൾഡ് സ്‌പെഷ്യൽ )

ചെന്നൈ: മുന്‍മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജെ ജയലളിതയുടെ മരണവും സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ പിന്മാറ്റവും ഉണ്ടാക്കിയ വിടവിലേക്കാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് വന്നിറങ്ങുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി തമിഴ്നാട്ടില്‍ താമരവിരിയിക്കാനുള്ള ബദ്ധപ്പാടിലാണ് എന്നിരിക്കെ ഭഗവത്ഗീത ഉദ്ധരിച്ച് രാഷ്ട്രീയപ്രവേശന പ്രസംഗം നടത്തിയ രജനികാന്ത്‌ ബിജെപിയോട് കൈകൊര്‍ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴകം.അതിനിടെ 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ തമിലിസൈ സൌന്ദരരാജന്‍ പ്രസ്താവനയിറക്കുകയും ചെയ്തു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്തായാലും ആര്‍എസഎസും ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. “രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷതരുന്നു. നീണ്ട അറുപതു വര്‍ഷമായി തമിഴകത്ത് തുടരുന്ന ഘനീഭവിച്ച ദ്രാവിഡരാഷ്ട്രീയത്തിന് ഇളക്കം വരുത്താന്‍ അദ്ദേഹത്തിനാകും . ജനസമ്മതിയില്‍ മോദിക്ക് തുല്യനാണ് രജനികാന്ത്” എന്നാണ് ആര്‍എസഎസ നേതാവ് എസ ഗുരുമൂര്‍ത്തി ട്വിട്ടരില്‍ കുറിച്ചത്.

എന്നാല്‍ തന്‍റെ പാര്‍ട്ടി ജാതിമതാതീതമായി പ്രവര്‍ത്തിക്കുമെന്നാണ് സൂപ്പര്‍സ്റ്റാര്‍ ജനങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയത്.

അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍ ശരിവയ്ക്കുകയാണ് വിസികെ നേതാവ് ഡി രവികുമാര്‍. ഇപ്പോള്‍ തമിഴ്നാടിനാവശ്യം ജനങ്ങളുടെ കൂടെ നില്‍ക്കുന്ന ജാതി മതാതീതമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയെ ആണ്. ഈ അടിത്തറ രജനീകാന്തിന് നിര്മിക്കാനായാല്‍ അത് ഒരു വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കും – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുന്നു. പക്ഷെ അടുക്കും തോറും അകലും എന്ന അവസ്ഥയിലായി കാര്യങ്ങള്‍. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ ബിജെപിയെ എതിര്‍ത്തുകൊണ്ടിരുന്നു. സാമൂഹ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ചുറ്റുപാടുള്ള തമിഴ്നാട്ടില്‍ മത-ജാതി-വ്യവസ്ഥകളില്‍ അധിഷ്ഠിതമായ ബിജെപിയെ വാഴിക്കില്ലെന്നാണ് തമിഴ് മക്കളുടെ ശപഥം.

തമിഴകത്തെ രാഷ്ട്രീയ ചരിത്രം കൂടി ഇവിടെ പരിശോധിക്കണം.

ഒരു നൂറ്റാണ്ട് മുന്‍പ് അതായത് 1916 നവംബറില്‍ ഒരുകൂട്ടം അബ്രാഹ്മണര്‍ ചേര്‍ന്ന് സൌത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ അഥവാ (എസഐഎല്‍എഫ്)പാര്‍ട്ടി രൂപികരിച്ചു. ഇത് ബ്രാഹ്മനാധിപത്യത്തെ ചോദ്യം ചെയ്തും ജനങ്ങളുടെ നീതിക്കായി നിലകൊണ്ടും വേരൂന്നി. അന്ന് രൂപം കൊണ്ട ആ നീതിക്ക് വേണ്ടി നിലകൊണ്ട പാര്‍ട്ടി സാമൂഹ്യപരിഷ്കര്‍ത്താവ്‌ ഇ വി രാമസ്വാമി(പെരിയോര്‍)യുടെ നേതൃത്വത്തില്‍ ദ്രാവിഡകഴക മുന്നേറ്റമായി. അത് പിന്നീട് ഇന്ന് കാണുന്ന രണ്ടു പ്രബല പാര്‍ട്ടികളായി മാറിമാറി തമിഴകം വാണു. ഡിഎംകെയും അണ്ണാ ഡിഎംകെയും .

ഈ രണ്ടുപാര്‍ട്ടികള്‍ക്കും കരുത്തരായ നേതാക്കളുടെ കുറവ് ഉണ്ടാക്കിയ വിടവിലേക്ക് ഇപ്പോള്‍ കമലഹാസനും രാഷ്ട്രീയപാര്ട്ടിയുമായി ഇറങ്ങുമെന്നറിയുന്നു.

വര്‍ഷങ്ങളായി സിനിമയും തമിഴ്നാട് രാഷ്ട്രീയവും തമ്മിലുള്ള ഇഴയടുപ്പം ഇരു പ്രമുഖരും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിനും വഴിവയ്ക്കും. എന്നാല്‍ ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് എംജിആര്‍ ആകാന്‍ രാജനികാന്തിനും കമലഹാസനും സാധിക്കില്ലെന്നാണ്.

തമിഴ്നാട് രാഷ്ട്രീയത്തില്‍ സിനിമയും ഒരു പരിധിവരെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എങ്കിലും അതിലും അപ്പുറമാണ് ഭാഷ,സംസ്കാരം,ജീവിതരീതി തുടങ്ങിയവയുടെ സ്വാധീനം. സിനിമയുടെ സ്വാധീനം ഇവയ്ക്കു മുകളില്‍ ആയിരുന്നു എങ്കില്‍ ശിവാജിഗണേശനെ പോലുള്ളവര്‍ തമിഴ് രാഷ്ട്രീയത്തില്‍ അരങ്ങ് വാണേനെ.

ഇന്നും തമിഴകത്തെ പാവങ്ങളുടെയും അശരണരുടെയും കണ്കണ്ട ദൈവം എംജിരാമചന്ദ്രന്‍ എന്ന പുറം നാട്ടുകാരനാണ്. അദ്ദേഹം സൂക്ഷ്മതയോടെ നെയ്തെടുത്ത ദ്രാവിഡമുന്നേറ്റമാണ് പിന്നീട് തമിഴ്നാട്ടില്‍ ആധിപത്യം പുലര്‍ത്തിയത്.

സിനിമയും നാടകവും ജനങ്ങളോട് അവരുടെ ഭാഷയില്‍ സംവദിച്ചു. ഇത് രാഷ്ട്രീയക്കാര്‍ മുതലെടുത്തു. പക്ഷെ എപ്പോഴും ഈ തന്ത്രം വിജയിച്ചുകൊള്ളണം എന്നില്ല”- എഴുത്തുകാരന്‍ ആഴി സെന്തില്‍നാഥന്‍ പറഞ്ഞു.

പക്ഷെ അടുത്തിടെ തമിഴ്മക്കളില്‍ കമലഹാസന്റെ ഒരു പ്രസ്താവന അല്പം അരോചകമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ തയാറാണ് എന്ന കമലഹാസന്റെ വാക്കുകള്‍ കേട്ടാല്‍ ഏറെ നാളായി സജീവ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവന്ന ആളാണ്‌ അദ്ദേഹം എന്ന്തോന്നിപ്പോവും. ഹാസന്റെ ഈ പ്രസ്താവനയെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു പലരും. സംസ്ഥാന ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞത് ട്വിട്ടരിലൂടെ എന്തെങ്കിലും പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാനാകില്ല എന്നായിരുന്നു.

തങ്ങളുടെ സിനിമകളുടെ കച്ചവടം എളുപ്പമാക്കാനാണ് താരങ്ങള്‍ രാഷ്ട്രീയത്തെ കൂട്ട് പിടിക്കുന്നത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

നടന്‍ വിജയകാന്തും ഏറെ വേരുറക്കാതെ പോയ രാഷ്ട്രീയക്കാരനാണ്. എങ്കിലും അദ്ദേഹം പൊടുന്നനെ മുഖ്യമന്ത്രിയാകാന്‍ നോക്കിയ ഒരാളല്ല. തന്‍റെ അനുയായികളിലൂടെ ആദ്യമായി പൊതുസമൂഹത്തില്‍ വേരുറപ്പിക്കാന്‍ ശ്രമം നടത്തുകയും അംഗീകരിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയും പതാകയും ഉണ്ട്. വളരെ കുറച്ചു വോട്ടേ തെരഞ്ഞെടുപ്പിന് ലഭിച്ചുള്ളൂ എങ്കിലും അദ്ദേഹം പൊതു പ്രവര്തനരംഗത്ത്‌ സജീവമാണ് എന്നും തമിഴ്മക്കള്‍ പറയുന്നു.

കരുണാനിധിക്കൊപ്പം വളര്‍ന്നു വന്ന ഒരു സിനിമാക്കാരനായ രാഷ്ട്രീയ നേതാവാണ്‌ എംജിആര്‍. അദ്ദേഹം വെറുമൊരു സിനിമാക്കാരന്‍ മാത്രമായിരുന്നില്ല അതിനുമപ്പുറം ജനങ്ങളെ കണ്ടറിഞ്ഞ ഒരു നല്ല നേതാവും മനുഷ്യനുമായിരുന്നു. എം ജി ആറിന്റെ ആ നന്മകള്‍ ആണ് അദ്ദേഹത്തെ വലിയവനാക്കിയതും. എന്തായാലും ഇനിവരുന്ന ഏതു നേതാവിനും എംജിആറിന്റെ പിറകിലെ സ്ഥാനമുണ്ടാകൂ-അത് കമലഹാസനായാലും രജനികാന്ത്‌ ആയാലും മറ്റാരായാലും. സിനിമ സിനിമയും രാഷ്ട്രീയം രാഷ്ട്രീയവും ജനസമ്മതി ജനസമ്മതിയുമാണ് എന്ന് തമിഴ് ജനതയ്ക്കറിയാം.

Top