ജീവിതത്തില്‍ പൊരുതിക്കയറിയ രാഷ്ട്രീയ നേതാവ് !എം.ഐ.ഷാനവാസിന്റെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും

കൊച്ചി: എം.ഐ.ഷാനവാസ് എം പി (67) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും.

കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്നു അഞ്ചിന് വഷളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.സി.വേണുഗോപാൽ എംപി എന്നിവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ ഫോണിൽ വിളിച്ചു ആരോഗ്യസ്ഥിതി തിരക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി.യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ.

1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസി‍ഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.

ചെന്നിത്തലക്കൊപ്പം ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദിയായ ആയിരുന്നു .കേരളത്തിൽ കെ.കരുണാകരൻ കളംനിറഞ്ഞ നാളുകളിൽ അദ്ദേഹത്തിന്റെ തന്നെ പക്ഷത്തു നിന്ന് പാർട്ടിയിലെ തിരുത്തൽഘടകമായി നിലകൊണ്ട മൂന്നംഗ സംഘത്തിലൊരാളായിരുന്നു എം.ഐ.ഷാനവാസ്. ലീഡറുടെ ഏറ്റവും അടുത്ത ചെന്നിത്തലയുമായി ഒത്ത് തിരുത്തൽ വാദികളായി.തോല്‍വിയുടെ പഴയ ചരിത്രത്തെ 2009-ല്‍ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു. 1993 ല്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ സിപിഐയിലെ എതിര്‍സ്ഥാനാര്‍ഥി എം.റഹ്മത്തുല്ലയ്ക്ക് നേടാന്‍ കഴിഞ്ഞത് 2,57,264 വോട്ടുകള്‍ മാത്രം. അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എന്‍സിപിയുടെ കെ.മുരളീധരന്‍ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എന്‍സിപിയുടെ സ്ഥാനാര്‍ഥിയായി കെ. മുരളീധരന്‍ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ‍. എന്നാല്‍ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വന്‍ ഭൂരിപക്ഷം നേടിയത്.കഠിനപരീക്ഷണങ്ങള്‍ കളം നിറഞ്ഞാടുകയായിരുന്നു എം.ഐ. ഷാനവാസിന്റെ ജീവിതത്തില്‍. തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി.

Top