ചെന്നിത്തലക്കൊപ്പം ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദി’..മുരളിയെ തോൽപ്പിച്ച് റെക്കോർഡ് മറികടന്നു ചരിത്രം.എം.ഐ. ഷാനവാസ് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയക്കാരൻ

കൊച്ചി:ചെന്നിത്തലക്കൊപ്പം ലീഡറെ വെല്ലുവിളിച്ച തിരുത്തൽവാദിയായ എം.ഐ. ഷാനവാസ് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയക്കാരൻ ആയിരുന്നു .കേരളത്തിൽ കെ.കരുണാകരൻ കളംനിറഞ്ഞ നാളുകളിൽ അദ്ദേഹത്തിന്റെ തന്നെ പക്ഷത്തു നിന്ന് പാർട്ടിയിലെ തിരുത്തൽഘടകമായി നിലകൊണ്ട മൂന്നംഗ സംഘത്തിലൊരാളായിരുന്നു എം.ഐ.ഷാനവാസ്. ലീഡറുടെ ഏറ്റവും അടുത്ത ചെന്നിത്തലയുമായി ഒത്ത് തിരുത്തൽ വാദികളായി.

തോല്‍വിയുടെ പഴയ ചരിത്രത്തെ 2009-ല്‍ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു. 1993 ല്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ സിപിഐയിലെ എതിര്‍സ്ഥാനാര്‍ഥി എം.റഹ്മത്തുല്ലയ്ക്ക് നേടാന്‍ കഴിഞ്ഞത് 2,57,264 വോട്ടുകള്‍ മാത്രം. അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എന്‍സിപിയുടെ കെ.മുരളീധരന്‍ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു തവണത്തെ തോല്‍വിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. 1987 ലും 1991 ലും വടക്കേക്കരയില്‍നിന്നും 1996 ല്‍ പട്ടാമ്പിയില്‍നിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിന്‍കീഴില്‍നിന്ന് ലോക്സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. ദീര്‍ഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് 2009 ല്‍ ഉറച്ച ഒരു മണ്ഡലം പാര്‍ട്ടി നല്‍കുകയായിരുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എന്‍സിപിയുടെ സ്ഥാനാര്‍ഥിയായി കെ. മുരളീധരന്‍ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ‍. എന്നാല്‍ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വന്‍ ഭൂരിപക്ഷം നേടിയത്.

കഠിനപരീക്ഷണങ്ങള്‍ കളം നിറഞ്ഞാടുകയായിരുന്നു എം.ഐ. ഷാനവാസിന്റെ ജീവിതത്തില്‍. തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി. മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയില്‍നിന്ന് ധൈര്യപൂര്‍വം ജീവിതത്തിലേക്കദ്ദേഹം തിരിച്ചുവന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ നാവായിരുന്ന ഷാനവാസിനെ 2010ല്‍ ഒരു ദിവസം പെട്ടെന്നു കാണാതായി. മാരക രോഗം ബാധിച്ചു ചികില്‍സയിലാണെന്ന് പിന്നീട് അറിഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു കരുതിയെങ്കിലും മരണത്തെ തോല്‍പ്പിച്ച് വിജയശ്രീലാളിതനായി അദ്ദേഹം എത്തി.

2010ലെ റമസാന്‍ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്‌ക്കൊടുവില്‍ വയറിലെ ബെല്‍ ഡെക്ടില്‍ തടസ്സമുണ്ടെന്നും പാന്‍ക്രിയാസിന്റെ പുറംഭിത്തിയില്‍ വളര്‍ച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്‌നമുള്ളതായി കണ്ടത്. തുടര്‍ന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളിൽ അർബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അർബുദമില്ലെന്ന ആശ്വാസ വാര്‍ത്തയെത്തി. തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലെ ചികില്‍സയ്‌ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടർന്ന് 2014 ലെ തിരഞ്ഞെടുപ്പിൽ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എൽഡിഎഫിന്റെ സത്യൻ മൊകേരിയെ തോൽപിച്ചാണ് തുടർച്ചയായി രണ്ടാമതും ലോക്സഭയിലെത്തിയത്.

Top