തിരുവനന്തപുരം: അന്തരിച്ച ബോക്‌സിങ് ഇതിഹാസതാരം മുഹമ്മദ് അലിക്ക് അനുശോചനം രേഖപ്പെടുത്തിയ നമ്മുടെ കായിക മന്ത്രി ഇപി ജയരാജനെ സോഷ്യല്‍ മീഡിയ ചെറിയ രീതിയിലൊന്നുമല്ല പരിഹസിച്ചത്. ഇപിയെ വലിച്ചുകീറി ഒട്ടിച്ചുവെന്നു തന്നെ പറയാം. ബഹളങ്ങളൊക്കെ നിന്നപ്പോള്‍ ഇപി തനിക്ക് പറ്റിയ അബദ്ധത്തെപ്പറ്റി പ്രതികരിച്ചതിങ്ങനെ.
തെറ്റ് പറ്റിയെന്ന് ഇപി എന്നിട്ടും സമ്മതിച്ചില്ല. യാത്രയ്ക്കിടെ പെട്ടെന്ന് മനോരമ ചാനല്‍ വിളിക്കുകയും അനുശോചനം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിശദാംശങ്ങളൊന്നും അറിയാതെയാണ് അനുശോചനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ വിശദമായി അന്വേഷിച്ചു വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും അനുശോചനം അറിയിക്കുകയും ചെയ്തു. സത്യം മറച്ചുപിടിച്ചു ദുര്‍വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുകയായിരുന്നു. ഈ കുപ്രചാരണം തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മുഹമ്മദ് അലി കേരളത്തിനു മെഡലുകള്‍ നേടിക്കൊടുത്ത താരമാണെന്ന മട്ടിലുള്ള ജയരാജന്റെ പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു.
എന്നാല്‍ മുഹമ്മദ് അലി മരിച്ചതിനു പിന്നാലെ, വിവിധ പ്രമുഖരുടെ അനുശോചന സന്ദേശങ്ങള്‍ എടുത്തിരുന്നെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എന്മ.ബേബിയുടെ പ്രതികരണത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തിന്റെ കായികമന്ത്രിയെന്ന നിലയില്‍ ഇ.പി.ജയരാജനെ പ്രതികരണത്തിനായി ഫോണില്‍ വിളിച്ചതെന്നും മനോരമ ന്യൂസ് അറിയിച്ചു.
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചുവെന്നാണ് കായികമന്ത്രിയോട് പറഞ്ഞത്. എന്തായിരുന്നു മരണകാരണമെന്ന് അദ്ദേഹം ചോദിക്കുകയും എല്ലാ വിവരങ്ങളും പറയുകയും ചെയ്തു. അതിനുശേഷമാണ് കണക്ട് ചെയ്തത്. അപ്പോള്‍ റോം ഒളിംപിക്‌സില്‍ മുഹമ്മദ് അലി നേടിയ സ്വര്‍ണമെഡലിനെക്കുറിച്ച് പറയുകയായിരുന്ന ആങ്കര്‍, കായികമന്ത്രിയുടെ പ്രതികരണംതേടി. എന്നാല്‍, മന്ത്രിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായ ഉടന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്താതെ സംഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇത് മനോരമ ന്യൂസ് ചാനല്‍ പുനഃസംപ്രേഷണം ചെയ്തതുമില്ല.