സിപിഎം സമ്മേളവേദിയില്‍ ചാനല്‍ പ്രവര്‍ത്തകന് നേരെ കയ്യേറ്റം; പാര്‍ട്ടിയിലെ വിഭാഗീയതയെക്കുറിച്ച് പറഞ്ഞ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകന് നേരെയാണ് കയ്യേറ്റമുണ്ടായത്

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചാനല്‍ പ്രവര്‍ത്തകന് നേരെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രവര്‍ത്തകന് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. സംസ്ഥാന സമ്മേളനത്തിന്റെ ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടെയാണ് റിപ്പോര്‍ട്ടറെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും.

ഉച്ചയ്ക്ക് 12.30 ന്റെ ബുള്ളറ്റിനിടെയായിരുന്നു സംഭവം നടന്നതെങ്കിലും തങ്ങളുടെ റിപ്പോര്‍ട്ടറെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ മുക്കിയെന്ന് ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി റിപ്പോര്‍ട്ടറായ സഹിന്‍ ആന്റണി, തിരുവനന്തപുരം ബ്യൂറോ ചീഫ് മജു ജോര്‍ജ് എന്നിവരായിരുന്നു ലൈവ് റിപ്പോര്‍ട്ടിംഗില്‍. പാര്‍ട്ടിക്കുള്ളിലെ വിഭാഗിയതയെക്കുറിച്ച് പറഞ്ഞു എന്ന് ആരോപിച്ചാണ് ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്.

സഹിന്‍ ആന്റണിയുടെ ചോദ്യങ്ങള്‍ക്ക് മജു മറുപടി നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. വിഭാഗീയത ഉള്‍പ്പെടെയുള്ള ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ന്നതിന് പിന്നാലെയാണ് പുറകില്‍ തടിച്ചുകൂടിയിരുന്ന പ്രവര്‍ത്തകര്‍ മജുവിനെ കോളറില്‍പിടിച്ച് വലിച്ച് പുറകിലേക്ക് കൊണ്ടുപോയത്.

ഗോപി കോട്ടമുറിക്കലിന്റെ സംസ്ഥാന കമ്മറ്റിയിലേക്കുള്ള പുനപ്രവേശനം, യെച്ചൂരിക്കെതിരെ സംസ്ഥാന കമ്മറ്റിയും പ്രകാശ് കാരാട്ട് വിഭാഗവും നടത്തുന്ന കരുനീക്കങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചതെന്നാണ് സൂചന.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേഷ്യപ്പെട്ട് തുടങ്ങിയപ്പോഴും സഹിന്‍ ലൈവ് തുടര്‍ന്നു. ഇതിനിടയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ലൈഫ് ഫീഡ് കട്ട് ചെയ്ത് സമ്മേളന നഗരിയിലെ വേദിയിലെ ദൃശ്യങ്ങള്‍ കാണിച്ചു തുടങ്ങി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരെ കൈകാര്യം ചെയ്ത കാര്യം ചാനല്‍ മുക്കുകയും ഇതേക്കുറിച്ച് മൗനം പാലിക്കുകയുമായിരുന്നു. പിന്നീടുള്ള ലൈവുകളിലൊന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിച്ചില്ല.

ശുഹൈബ് വധത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കണ്ണൂരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖികയ്ക്കും ഭര്‍ത്താവിനുമെതിരെ അപകീര്‍ത്തി പ്രചരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ നടന്ന കടന്നാക്രമണം.

Top