ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി: സുധാകരന്‍

ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്നാണ് സുധാകരന്റെ പ്രതികരണം. ആലപ്പുഴയില്‍ ടാക്സ് കണ്‍സല്‍റ്റന്റ്സ് അസോസിയേഷന്‍ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ധനവകുപ്പിനെ കടുത്ത ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചത്. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി പണം കണ്ടെത്താനുളള ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചു.

പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം അനുവദിക്കും. അതേ പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കില്ല, ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായപയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ എടുക്കുന്ന പരിപാടിയാണിത്. പൊതുമരാമത്ത് വകുപ്പില്‍ മാത്രം 25,000 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചത്. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പണമില്ല. 3,000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതുമരാമത്ത് വകുപ്പിന് ആകെ കിട്ടിയത് 129 കോടി രൂപയാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബജറ്റിനുശേഷമാണ് 900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രത്യേകാനുമതി നല്‍കിയത്. അതുതന്നെ ഇപ്പോള്‍ 1000 കോടി രൂപയുടെ പദ്ധതികള്‍ കടന്നു. എന്നാല്‍ ഈ പദ്ധതികളുടെ കാര്യം ബജറ്റില്‍ വച്ചാല്‍ പോരെ, പക്ഷെ ബജറ്റില്‍ വയ്ക്കില്ല. അതാണ് ഇപ്പോഴത്തെ കളി. ഇത്തരത്തിലൊക്കെയുളള തരികിട കളികളാണ് സംസ്ഥാനം ഉണ്ടായ കാലം മുതല്‍ നടക്കുന്നത്. ഇപ്പോഴും ഒന്നും മാറിയിട്ടില്ലെന്നും മന്ത്രി സുധാകരന്‍ വ്യക്തമാക്കി.

Top