കൊച്ചി: ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങി രാജിയല്ലാതെ വേറെ അവസ്ഥയിലാണ് മന്ത്രി തോമസ് ചാണ്ടി നില്‍ക്കുന്നത്. മുന്നണിക്ക് കൂടി നാണക്കേടുണ്ടാക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് മന്ത്രിയുടെ രാജി. ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെക്കൂടി സമീപിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം ഇടതുമുന്നണിയെ കൂടുതല്‍ വട്ടംചുറ്റിക്കുന്നു.
കളക്ടര്‍ക്കെതിരേ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും മറ്റുമുള്ള കോടതി പരാമര്‍ശങ്ങളോടെ രാജിക്കാര്യം ഏതാണ്ട് ധാരണയിലേക്ക് വന്നതാണ്. അവസാനതീരുമാനം മുഖ്യമന്ത്രി എടുക്കാന്‍ നില്‍ക്കെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചന ചാണ്ടി പക്ഷത്തുണ്ടായത്.
രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ തിരക്കിട്ട കൂടിയാലോചനകള്‍ക്ക് തിരുവനന്തപുരം വേദിയാകുന്നു. എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തി. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശവും തോമസ് ചാണ്ടിയുടെ രാജിയും ചര്‍ച്ചയില്‍ വിഷയമായതായാണു സൂചന. സന്ധ്യയോടെയാണ് പിണറായി വിജയന്‍ എകെജി സെന്ററിലെത്തിയത്.
ഇന്ന് രാവിലെ രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. മന്ത്രിസഭാ യോഗത്തിനു മുന്‍പായിരിക്കും കൂടിക്കാഴ്ച. രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയാണു ലക്ഷ്യം.
അതേസമയം, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം വ്യക്തമാക്കി. വിധിയുടെ പ്രത്യാഘാതങ്ങള്‍ പഠിച്ചതിനുശേഷമായിരിക്കും നടപടിയെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകന്‍ ഏറ്റവും സത്യസന്ധത പുലര്‍ത്തണമെന്നാണു പാര്‍ട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് നേതൃത്വവുമായും പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിട്ട് ഹര്‍ജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.