മരണപ്പെട്ട മിഷേലിനെ ബോട്ടില്‍ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയെന്ന് സംശയം; അന്വേഷണം പുറംകടലില്‍ വരുന്ന കപ്പലുകളിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘത്തിലേയ്ക്ക്

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിനെ(18) ബോട്ടില്‍ കടത്തിക്കൊണ്ട് പോയി ആപായപ്പെടുത്തിയെന്ന് സംശയം. ഇത്തരത്തില്‍ അപായപ്പെടുത്തിയാതാണോ എന്നും ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. മിഷേലിന്റെ പിതാവാണ് ഇതത്രത്തില്‍ ഒരു സംശയം ഉന്നയിച്ചത്. തുടര്‍ന്ന് സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന.

ഹൈക്കോടതി ജംക്ഷനില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നു ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. രണ്ടാംഘട്ട മൊഴിയെടുപ്പിലാണു പുതിയ സംശയങ്ങള്‍ പിതാവ് ഉന്നയിച്ചത്. മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലില്‍ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പല്‍ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വര്‍ഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു പിതാവിന്. ഒരുപക്ഷേ, ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാര്‍ഫില്‍ ഇത്തരമൊരു കൃത്യം നടത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണെങ്കിലും ദുരൂഹത നീക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മല്‍പിടിത്തം നടക്കുകയോ, പരുക്കേല്‍ക്കുകയോ ചെയ്തതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നതും തട്ടിക്കൊണ്ടുപോകല്‍ വാദത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്.

കലൂര്‍ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളതു മിഷേല്‍ തന്നെയാണെങ്കിലും ഹൈക്കോടതി ജംക്ഷനില്‍നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നാണു ഷാജിയുടെ മൊഴി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിങ് വാഹനത്തിന്റെ ക്യാമറയില്‍നിന്നാണ് ഈ ദൃശ്യം ലഭിച്ചത്. വല്ലാര്‍പാടം പള്ളിയില്‍ പോയിരിക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അവിടുത്തെ ക്യാമറകളില്‍നിന്നു തെളിവൊന്നും ലഭിച്ചിട്ടില്ല.

ഗോശ്രീ പാലത്തില്‍ മിഷേലിനെ കണ്ടെന്നും അല്‍പ സമയത്തിനു ശേഷം കാണാതായെന്നുമുള്ള സാക്ഷി മൊഴി സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതാണെങ്കിലും പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മിഷേലിന്റെ വസ്ത്രധാരണം സംബന്ധിച്ച സാക്ഷിയുടെ വിവരണങ്ങളിലെ പൊരുത്തക്കേടാണു കാരണം. മിഷേലിനെ ശല്യം ചെയ്തിരുന്ന തലശ്ശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുന്‍പു മിഷേലിനെ തിരക്കി എറണാകുളം ടൗണ്‍ഹാളില്‍ എത്തിയിരുന്നുവെന്നു സുഹൃത്തുക്കളില്‍നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഈ യുവാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. അധിക കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതി ക്രോണിന്‍ അലക്‌സാണ്ടറെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

Top