ബാഗ്ദാദ്:ഇറാൻ വീണ്ടും തിരിച്ചടിക്കുന്നു ? ഇറാക്കിൽ വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് 100 മീറ്റർ സമീപത്തായി രണ്ടു റോക്കറ്റുകളാണ് പതിച്ചത്. ആളപായമുണ്ടായിട്ടില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നു വ്യക്തമല്ല.കഴിഞ്ഞ ദിവസം ഇറാക്കിലെ അമേരിക്കയുടെ സൈനികതാവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം നടന്നിരുന്നു. പടിഞ്ഞാറൻ ഇറാക്കിലെ ഐഎൻ അൽ അസദ്, വടക്കൻ കുർദിസ്ഥാനിലെ ഇർബിൽ എന്നിവിടങ്ങളിലെ സൈനികതാവളങ്ങൾക്കു നേർക്കാണ് ആക്രമണമുണ്ടായത്. ആദ്യമായാണു യുഎസ് സൈനികസംവിധാനങ്ങൾക്കു നേർക്ക് ഇറാൻ നേരിട്ട് ആക്രമണം നടത്തുന്നത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടുവെന്നു ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി അവകാശപ്പെട്ടു. എന്നാൽ, ആക്രമണം സ്ഥിരീകരിച്ച അമേരിക്ക തങ്ങളുടെ സൈനികർ ബങ്കറിലായിരുന്നുവെന്നും സുരക്ഷിതരാണെന്നും വ്യക്തമാക്കി. ജനറൽ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിക്കു തിരിച്ചടിയായാണ് ഇറാൻ മറുപടിയുമായി രംഗത്തെത്തിയത്.
അതേസമയം ഇറാൻ ഖുദ്സ് സേനാത്തലവൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത്തെ നീക്കത്തെ പ്രതിരോധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുലൈമാനി വധത്തോടെ യുഎസ്- ഇറാൻ സംഘർഷം ശക്തമായതിന് ശേഷം ആദ്യമായാണ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. അതേ സമയം ഇറാനെ ഒരുതരത്തിലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നുള്ള വാക്കുകളോടെയാണ് യുഎസ്- ഇറാൻ സംഘർഷം സംബന്ധിച്ച വാർത്താ സമ്മേളനത്തിന് പ്രസിഡന്റ് ട്രംപ് തുടക്കം കുറിച്ചത്.
യുഎസ് ആക്രമണത്തിൽ വധിച്ചത് ഒന്നാം നിര ഭീകരനെയാണെന്നും ഭീകരവാദത്തിന് സഹായം നൽകുന്ന നീക്കം ഇറാൻ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ലോകത്തിലെ ആക്രമണങ്ങൾക്ക് സഹായം ചെയ്തുുനൽകിയ വ്യക്തിയാണ് സുലൈമാനിയെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. ഇറാനെ ഇനിയൊരു ആക്രമണത്തിന് അനുവദിക്കില്ലെന്നും യുഎസ് സൈന്യം എന്തിനും സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഭീകരവാദത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും കുടുതൽ സമാധാനപരമായ ലോകത്തിനായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എതിരാളിയായിരുന്ന ഐസിസിനെ അമേരിക്ക ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെടുന്നു. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തുന്നതിൽ നാറ്റോ ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സുലൈമാനിയാണെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചു. സുലൈമാനി യുഎസിനെതിരെ മറ്റ് പദ്ധതികൾ തയ്യാറാക്കുകയായിരുന്നുവെന്നും അമേരിക്കയാണ് പദ്ധതികൾ തകർത്തതെന്നും ട്രംപ് അവകാശപ്പെടുന്നു. നേരത്തെ തന്നെ സുലൈമാനിയെ വകവരുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇറാഖിലെ യുഎസ് സൈനിക ക്യാമ്പിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യുഎസ് സൈനികരുൾപ്പെടെയുള്ളവരെല്ലാം സുരക്ഷിതരാണെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. അമേരിക്കയ്ക്കോ ഇറാഖിനോ ആക്രമണത്തിൽ ആൾനാശമുണ്ടായിട്ടില്ല. സൈനിക ക്യാമ്പിന് കുറഞ്ഞ നാശനഷ്ടം മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ട്രംപ് പറയുന്നു.
ഇറാൻ സുസ്ഥിരമായ രാഷ്ട്രമല്ലെന്ന നിലപാട് ആവർത്തിച്ച ട്രംപ് രാജ്യം ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാനി ഖുദ്സ് സേനയുടെ തലവനായ മേജർ ജനറൽ സുലൈമാനി ഉൾപ്പെടെ എട്ട് സൈനിക ഉദ്യോഗസ്ഥരാണ് യുഎസ് മിസൈൽ ആക്രമണത്തിൽ ഇറാഖിൽ വെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സുലൈമാനി ഉൾപ്പെട്ട സംഘം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതോടെയാണ് യുഎസ്- ഇറാൻ സംഘർഷം ശക്തമാകുന്നത്. ഇതിന് തിരിച്ചടിയാണ് ഇറാൻ ഇറാഖിലെ സൈനിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയത്. ഇറാഖിലെ എർബിൽ, ഐയ്ൻ അൽ അസദ് എന്നീ വ്യോമതാവളങ്ങളാണ് ഇറാൻ മിസൈൽ ഉപയോഗിച്ച് ആക്രമിച്ചത്.