കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച കർഷകസംഘത്തിൽ നിന്ന് കാണാതായ കർഷകൻ കുടുബവുമായി ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു ഇപ്പോൾ ബിജുവുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സഹോദരൻ ബെന്നി പറഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശി സ്വദേശിയാണ് ബിജു കുര്യൻ (48) .ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി പ്രതികരിച്ചു. എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല. ഈ മാസം 11ന് ശേഷം ബിജു വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലായിരുന്നു. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രിയാണ് ബിജുവിനെ കാണാതായത്. ആധുനിക കൃഷിരീതി പരിശീലനത്തിനായാണ് 27 കർഷകരെ ഇസ്രയേലിൽ അയച്ചിരുന്നത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാനായി കാത്തു നിന്ന ബസിന് സമീപത്ത് ബിജു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്.
ഹെര്‍സ്ലിയന്‍ സിറ്റി സെന്ററിലേക്ക് ബിജുവിനെ പോലെ സാദൃശ്യമുള്ള ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. ഇന്ന് മടങ്ങിയെത്തുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.
ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രായേൽ പൊലീസിലും പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് പരാതി നൽകി. അതിനുശേഷം സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു