കൊച്ചി : മണിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു.അദ്ധേഹത്തിന്റെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.
മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. ഇന്നലെ രാത്രിതന്നെ തൃശൂരിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കും. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി ഇന്ന് ചാലക്കുടി നഗരാതിര്‍ത്തിയില്‍ ഹര്‍ത്താല്‍ ആചരിക്കും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇടപ്പള്ളി അമൃതാ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 7.15 നായിരുന്നു സിനിമാലോകത്തെ നടുക്കിയ മണിയുടെ അപ്രതീക്ഷിത വിയോഗം. മണിയുടെ മരണം സ്വഭാവികമല്ലെന്നറിയിച്ച് ഒരുഫോണ്‍കോള്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്.
കരള്‍വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ഏറെ നാളായി ചികില്‍സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണു മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മണിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് ആശുപത്രിയിലെത്തി തെളിവെടുത്തു. തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. മണിയുടെ ശരീരത്തിലെ വിഷാംശത്തിന് സാന്നധ്യത്തിന് കാരണം അമിത മദ്യപാനമാണെന്ന നിഗമനം ഉണ്ട്. ഇത് സ്ഥിരീകരിക്കാനാണ് പോസ്റ്റ് മോര്‍ട്ടം. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്ന മണി, രോഗം വകവയ്ക്കാതെ കൂട്ടുകാരുമായി മദ്യപിക്കുമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഈ സാഹചര്യത്തില്‍ മണി ഒരാഴ്ച പോയ സ്ഥലങ്ങളിലെല്ലാം എത്തി പൊലീസ് തെളിവെടുക്കും.
മണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ശേഷം അമൃതാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം അയയ്ക്കുകയായിരുന്നു. കലാഭവന്‍ മണിയുടെ നില അതീവ ഗുരുതരമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയില്‍നിന്നുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് മണിയുടെ മരണമൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനുമുമ്പുതന്നെ മണി മരണത്തിനു കീഴടങ്ങി. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായും സൂചനയുണ്ട. ഇക്കാര്യത്തില്‍ മണിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.
ഹാസ്യനടനായി സിനിമയിലെത്തി സ്വഭാവ നടനായി വളര്‍ന്ന് വില്ലനായും നായകനായും വിളങ്ങിയ മണിയുടെ മരണം ഏറെ അപ്രതീക്ഷിതമായി. മലയാളത്തിനുപുറമേ, ഒട്ടേറെ തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിലും മണി അഭിനയിച്ചു വിജയിച്ചു. ഒരുഘട്ടത്തില്‍ മലയാള സിനിമയുടെ അവിഭാജ്യഭാഗമായിരുന്നു മണി. ചാലക്കുടി ചേനത്തുനാട് കുനിശ്ശേരി രാമന്‍അമ്മിണി ദമ്പതിമാരുടെ മകനായി 1975ലാണ് മണിയുടെ ജനനം. നിമ്മിയാണ് ഭാര്യ. മകള്‍ ശ്രീലക്ഷ്മി.മണിയുടെ സഹോദരന്‍ വേലായുധന്‍ ഏഴുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മണിയുടെ മരണത്തിന്റെ ദുഃഖത്തിലാണ് കുടുംബം. അതിന് ശേഷം കുടുംബത്തില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തിരക്കും. അതിന് ശേഷം മാത്രമേ മണിയുടെ മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും മാറൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. പിന്നീട് കലാഭവന്‍ മണിയിലൂടെ അതിപ്രശസ്തമായി. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടത്. അക്ഷരം എന്ന സിനിമയില്‍ ഓട്ടോ ഡ്രൈവര്‍ വേഷത്തിലായിരുന്നു സിനിമാ പ്രവേശം. നടനാകുംമുമ്പ് ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു. പില്‍ക്കാലത്ത് നായകനായി വളര്‍ന്ന മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിലെ മഹാനടനെ വെളിപ്പെടുത്തി. അയ്യപ്പസ്തുതികളുള്‍പ്പെടെ ഒട്ടേറെ ഭക്തിഗാന കാസറ്റുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നാടന്‍ പാട്ടുകളുടെ അവതരണത്തിലും ആലാപനത്തിലും കഴിവ് തെളിയിച്ചു. സിനിമാ തീരിക്കുകള്‍ക്കിടയില്‍ പാവപ്പെട്ടവരെ സഹായിക്കാനും മറന്നില്ല. സുഹൃത്തുക്കളും മണിയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു. അമിത മദ്യപാനത്തിലൂടെ പലവിവാദങ്ങളും ഉണ്ടായി.
വനപാലകരുമായുള്ള തര്‍ക്കവും അടിപിടിയുമെല്ലാം മണിയുടെ വിവാദ പുരുഷനാക്കിയിരുന്നു. അവസാനകാലത്ത് മലയാളത്തില്‍ വല്ലപ്പോഴുമാണ് മണി അഭിനയിച്ചത്. എന്നാല്‍ തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകള്‍ മണിക്കുണ്ടായിരുന്നു. അപ്പോഴും നാട്ടിലെത്തി സുഹൃത്തുക്കളുമായി ചെലവഴിക്കുക പതിവായിരുന്നു. ചാലക്കുടിയിലെ ഔട്ട് ഹൗസിലാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വളരെ പ്രാദേശീകമായ കൂട്ടുകാര്‍ക്കൊപ്പം ഇവിടെ മണി ചെലവഴിക്കുന്നത് പതിവായിരുന്നു. ഓട്ടോക്കാരടക്കമുള്ള സുഹൃത്തുക്കളുണ്ടായിരുന്നു. അങ്ങനെ ഉണ്ടായ അമിത മദ്യപാനമാണാണ് മരണകാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ ഔട്ട് ഹൗസ് പൊലീസ് വിശദമായി പരിശോധിച്ചു. മരണത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് വന്ന ഫോണ്‍ കോളിന്റെ ഉറവിടവും തേടുന്നുണ്ട്.
മണിയുടെ ചാലക്കുടി പാഡിയിലുള്ള ഔട്ട് ഹൗസില്‍ റൂറല്‍ എസ്പി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. വിഷാംശം കണ്ടെത്തിയ കാര്യം ആശുപത്രി അധികൃതര്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഔട്ട് ഹൗസിലുണ്ടായിരുന്ന മദ്യക്കുപ്പികളും മദ്യത്തിന്റെ സാമ്പിളും പൊലീസ് ശേഖരിച്ചു. ഇത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ചുമതല ഡിവൈ.എസ്പി: കെ.എസ്. സുദര്‍ശനന് ആയിരിക്കും. മണിയുടെ മരണം അറിഞ്ഞ് അമൃതാ ആശുപത്രി പരിസരത്ത് മണിയുടെ കൂട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. ഇവരുടെ നിലപാടുകളും പൊലീസ് സംശയത്തോടെ കാണുന്നു. ചില മാദ്ധ്യമ പ്രവര്‍ത്തകരുമായി ഇവര്‍ തട്ടിക്കയറി. ഇതോടെയാണ് സംശയം ശക്തമായത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
മണിയുടെ ഡ്രൈവറും മാനേജരും അടുത്തുള്ള ഡോക്ടറുമാണ് മണിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യും. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അസ്വാഭാവികമായത് ഔട്ട് ഹൗസില്‍ സംഭവിച്ചെന്ന് തന്നെയാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയാണ് അദ്ദേഹത്തിന് വിഷബാധയേറ്റതെന്ന സൂചനകളുമുണ്ട്. നാട്ടിന്‍പുറത്തും മറ്റുമായി വിശാലമായ സൗഹൃദം മണിക്കുണ്ടായിരുന്നു. നാട്ടിന്‍പുറത്തുകാരനായ അദ്ദേഹത്തോടെ വളരെ അടുത്തു പെരുമാറുന്ന നിരവധി സുഹൃത്തുക്കളുമുണ്ട്. ഇവരുടെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് മദ്യപിച്ചപ്പോള്‍ കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു എന്നും പൊലീസ് സംശയിക്കുന്നു.