പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മിത റോബോട്ട്; ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുത്തു; മിത്രയെ പരിചയപ്പെടാം

ഹൈദരാബാദില്‍ നടന്ന ആഗോള സംരംഭക ഉച്ചകോടി (ജിഇഎസ് 2017) പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും ചേര്‍ന്ന് ഉത്ഘാടനം ചെയ്തത് മിത്ര എന്ന റോബോട്ടിലെ സ്വിച്ച് അമര്‍ത്തിയാണ്. സമ്പൂര്‍ണ്ണ ഇന്ത്യന്‍ നിര്‍മിത റോബോട്ടാണ് മിത്ര. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വന്റോ റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് മിത്രയുടെ നിര്‍മാതാക്കള്‍.

മിത്രയുടെ നിര്‍മാണം പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെയായിരുന്നെന്നും ആളുകള്‍ക്ക് സന്ദര്‍ഭോചിതവും ആവശ്യാനുസരണം വേണ്ടതുമായ അറിവുകള്‍ ലഭ്യമാക്കുക എന്നതാണ് മിത്രയുടെ പിന്നിലെ ആശയമെന്ന് ഇന്‍വന്റോ റോബോട്ടിക്‌സിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കൗണ്‍ഡിന്യ പണ്യം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിലിക്കണ്‍ വാലിയിലും മൈക്രോസോഫ്റ്റ് പോലെയുള്ള ബഹുരാഷ്ട്ര കമ്പനികളിലും പ്രവര്‍ത്തിച്ച ബാലാജി വിശ്വനാഥനാണ് ഇന്‍വന്റോ റോബോട്ടിക്‌സിന്റെ സ്ഥാപകന്‍. മിത്രയുടെ വിവിധ പതിപ്പുകള്‍ വ്യത്യസ്ത മേഖലകളിലെ സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിക്കുന്നുണ്ട്. പ്രൊപ്രേറ്റി ഒഎസ്സില്‍ ആണ് മിത്രയുടെ പ്രവര്‍ത്തനം. വിവിധ സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങളാണെന്നതുകൊണ്ടുതന്നെ ആവശ്യാനുസരണം ചിപ്‌സെറ്റുകള്‍ മാറ്റുകയാണ് ചെയ്യുന്നത്.

റോബോട്ടിന് മനുഷ്യന്റെ ആകൃതി നല്‍കിയിരിക്കുന്നത് ഫൈബര്‍ഗല്‍സ് മെറ്റിരിയല്‍ ഉപയോഗിച്ചാണ്. ഹൃദയഭാഗത്തായി ഒരു ടച്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ മിത്ര പ്രവര്‍ത്തിക്കും.

ആളുകളുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും മിത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളെ തിരിച്ചറിയാനും അവര്‍ക്ക് വേണ്ട സേവനം എന്തെന്ന് പെട്ടെന്ന് മനസ്സിലാക്കി ചെയ്തുനല്‍കാനും സഹായിക്കുന്നതാണ്. നിലവില്‍ കന്നഡയും ഇംഗ്ലീഷുമാണ് മിത്ര കൈകാര്യം ചെയ്യുന്ന ഭാഷകള്‍ ഉടന്‍തന്നെ ഹിന്ദിയും ഇക്കൂട്ടത്തിലേക്ക് ചേര്‍ക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

ബംഗളൂരുവിലെ കാനറാ ബാങ്കില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായ മിത്ര ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായും ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളാണ് മിത്രയുടെ പ്രവര്‍ത്തനമായി എടുത്തുകാണിക്കപ്പെടുന്നതെങ്കിലും ഫോട്ടോഗ്രാഫറായും, ഡിജെയായും ഒക്കെ മിത്ര പ്രയോജനപ്പെടുത്താവുന്നതാണ്.

Top