ഐസ്വാള്‍:മിസോറാം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു !.. മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക് എത്തി.രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയെ അടിതെറ്റിച്ച് മുന്നിലെത്തുമ്പോഴും ഭരണത്തിലിരുന്ന മിസോറാമില്‍ കോണ്‍ഗ്രസ് അധികാര നഷ്ടത്തിലേക്ക് നിരാശാജനകമാണ് . പത്ത് വർഷം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ പ്രാദേശിക പാർട്ടികൾക്കാകുമോ എന്ന പരീക്ഷണമായിരുന്നു ഇത്തവണത്തെ മിസോറം തെരഞ്ഞെടുപ്പ്.
അതില്‍ മിസോറാം നാഷണല്‍ ഫ്രണ്ട് വിജയിച്ചതായാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളില്‍ മുന്നിലെത്തിയാണ് എംഎന്‍എഫ് മുന്നേറുന്നത്. ഇതോടെ ഇനിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസിന് അപ്രാപ്യമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണം. അത് കടന്ന് എംഎല്‍എഫിന്‍റെ ലീഡ് നില കുതിച്ചിട്ടുണ്ട്. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാൽ തൻഹാവ്‍ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മൃഗീയഭൂരിപക്ഷമായിരുന്നു.34 സീറ്റുകൾ കോൺഗ്രസിന് കിട്ടി. മിസോ നാഷണൽ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. മിസോ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിയ്ക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. ഇത്തവണയും മിസോറാം ബിജെപി തള്ളിയെന്നു തന്നെയാണ് കണക്കുകള്‍.