കൊച്ചി: അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുന്ന കെഎം മാണിയെ രക്ഷിക്കാനും പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ എത്തി. മാണിക്ക് വേണ്ടി ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എന്ന പദവി ഒഴിഞ്ഞതിനുപിന്നാലെയുള്ള ദാമോദരന്‍ മാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
വിജിലന്‍സ് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദാമോദരന്‍ ഹാജരായത്. കോഴി ഫാം ഉടമകള്‍ക്ക് നികുതി ഇളവ് നല്‍കിയ കേസിലാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന് വേണ്ടി പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് ഹാജരായത്.
സൗന്ദര്യവര്‍ദ്ധക കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയെന്ന കേസും റദ്ദാക്കണമെന്ന് മാണി കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 19ന് വീണ്ടും കേസ് പരിഗണിക്കും. ഇതിനിടെ കെഎം മാണിക്കെതിരായി കോട്ടയം വിജിലന്‍സ് ഏടുത്ത കേസില്‍ മാണിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. മാണിയെ ഒന്നാം പ്രതിയായാണ് കേസ് എടുത്തിരിക്കുന്നത്. ചിങ്ങവനത്തെ സ്വകാര്യ സ്ഥാപനത്തിന് നികുതിയിളവ് നല്‍കിയ വഴി 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.