കോഴിക്കോട്: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്‍ എം.പിക്കെതിരായ ഒളികാമറ വിവാദത്തിന്റെ അന്വേഷണം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. രണ്ട് അന്വേഷണമാണ് നടക്കുന്നത്. രാഘവനെതിരെ നല്‍കിയ പരാതിയില്‍ കോഴിക്കോട് അഡിഷണല്‍ പൊലീസ് സൂപ്രണ്ടിന്റേതും രാഘവന്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടേതും.
എംകെ രാഘവന്‍ കുടുങ്ങിയ സ്റ്റിംഗ് ഓപ്പറേഷന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് ടിവി9 ചാനല്‍ മേധാവി അറിയിച്ചു. ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ രാഹുല്‍ ചൗധരി ടെവിഷന്‍ ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ചാനല്‍ മേധാവി വ്യക്തമാക്കി.
ഒളിക്യാമറ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും എം.കെ രാഘവന്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാഘവന്റെ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍. കോഴ ആരോപണം വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് എം.കെ രാഘവനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സഹായം വേണമെന്ന ആവശ്യവുമായാണ് ചാനല്‍ സംഘം എം.കെ രാഘവനെ സമീപിച്ചത്. ഇതിനായി അഞ്ച് കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ചാനല്‍ സംഘത്തോട് തന്റെ ഡല്‍ഹി ഓഫീസില്‍ പണം ഏല്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു എം.കെ രാഘവന്റെ മറുപടി. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് 20 കോടി രൂപ ചെലവായെന്നും എം.കെ രാഘവന്‍ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. എം.കെ രാഘവനും ബി.ജെ.പി എം.പിമാരുമടക്കം പതിനഞ്ചിലധികം പേരാണ് ടിവി9ന്റെ ഒളിക്യാമറയില്‍ കുടുങ്ങിയത്.
എം.കെ. രാഘവനെതിരായ പരാതിയില്‍ ജില്ലാ കളക്ടറും ഡി.ജി.പിയും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും, അതിനാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തെറ്റുകാരനാണെന്നു ബോദ്ധ്യപ്പെട്ടാല്‍ നടപടിയുണ്ടാകും. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ടാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും.
ചാനല്‍ വാര്‍ത്ത എതിരാളികള്‍ പ്രചാരണായുധമാക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് നിയമ നടപടി സ്വീകരിക്കാം. ആരോപണങ്ങള്‍ ശരിയാണെന്ന് പരിശോധനയില്‍ വ്യക്തമാകുന്നതിനു മുന്‍പ്, വിഷയം പ്രചാരണ ആയുധമാക്കുന്നതിനെതിരെ എന്തു ചെയ്യാന്‍ കഴിയുമെന്ന് കമ്മിഷന്‍ ആലോചിക്കും.