ദിലീപുമായുള്ള ബന്ധം: മുകേഷും അൻവർ സാദത്തും കുടുങ്ങും; ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാൻ നിർദേശവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗുഡാലോചന സംബന്ധിച്ചും, ആക്രമണത്തിനു പിന്നിലെ ഗൂഡാലോചനക്കാരെ സംബന്ധിച്ചും അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന എംഎൽഎമാരായ മുകേഷിനെയും അൻവർസാദത്തിനെയുമാണ് പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവത്തിനു ശേഷം ഇരുവരും നിരവധി തവണ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പൊലീസ് തിരയുന്നത്. സംഭവ ദിവസം ദിലീപും മുകേഷും തമ്മിൽ അൻപതിലേറെ തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഫോൺകോളുടെ സമയദൈർഖ്യം, സംഭാഷണ വിവരങ്ങൾ, ഇതിനു സംഭവവുമായി എത്രത്തോളം ബന്ധമുണ്ട് തുടങ്ങിയകാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇന്നലെ കാസർകോടായിരുന്ന മുകേഷിനെ കൊല്ലം ജില്ലാ കമ്മിറ്റി അടിയന്തരമായി വിളിച്ചു വരുത്തി കാര്യത്തിൽ വിശദീകരണവും തേടിയിരുന്നു. അമ്മയുടെ യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോടു തട്ടിക്കയറിയ മുകേഷിനോടു നേരത്തെ ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ദീലിപിന്റെ അറസ്റ്റിനു ശേഷം മുകേഷിനെ ജില്ലാ കമ്മിറ്റി അടിയന്തരമായി ഇന്നലെ വിളിച്ചു വരുത്തിയത്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്വട്ടേഷൻ സംബന്ധിച്ചു മുകേഷിനു മുൻകൂട്ടി അറിവുണ്ടായിരുന്നോ, അല്ലെങ്കിൽ സംഭവത്തിനു ശേഷം ദിലീപ് ആണെന്നുള്ള കാര്യം മുകേഷ് മറച്ചു വച്ചോ തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് വ്യക്തത തേടുന്നത്. ഗൂഡാലോചന അറിഞ്ഞിട്ടും മറച്ചു വച്ചതിനാണ് സംവിധായകൻ നാദിർഷായ്ക്കും ദിലീപിന്റെ മാനേജർ അപ്പുണ്ണിയ്ക്കുമെതിരെ പൊലീസ് കേസെടുത്തത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.
ദിലീപിന്റെ പഴ്‌സണൽ നമ്പരിലും, മറ്റൊരു നമ്പരിലുമാണ് നടനും എം.എൽ.എയുമായ മുകേഷ് രണ്ടു ദിവസങ്ങളിലും വിളിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവമുണ്ടായ ദിവസം പകൽ മുതൽ പിറ്റേന്ന് ഉച്ചവരെയുള്ള സമയത്താണ് ഇരുവരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരിക്കുന്നത്. ഇത് എന്തിനു വിളിച്ചു, സംസാരിച്ച കാര്യങ്ങൾ എന്തെല്ലാം എന്നത് സംബന്ധിച്ചാണ് ഇനി പൊലീസ് അന്വേഷിക്കുക. കേസിന്റെ ആദ്യ ഘട്ടത്തിൽ ദിലീപിനോടു ഇതു സംബന്ധിച്ചു പൊലീസ് ചോദിച്ചിരിക്കുന്നില്ല. ഇപ്പോൾ ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാവും പൊലീസ് ഇതു സംബന്ധിച്ചുള്ള ചോദ്യം ചെയ്യൽ ആരംഭിക്കുക. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാവും മുകേഷിനെ ചോദ്യം ചെയ്യാനോ, മൊഴിയെടുക്കാനോ വിളിപ്പിക്കുക എന്നാണ് അന്വേഷണ സംഘത്തിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന സൂചന.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്വട്ടേഷൻ നടപ്പാക്കിയ പൾസർ സുനി നേരത്തെ മുകേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം സുനി നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വരികയും ചെയ്തിരുന്നു. ഇതിനിടെ മുകേഷും ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും കൃത്യമായ വിവരമുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ് പൾസർ സുനിയ്ക്കു നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത്ര വലിയ തുകയുടെ ക്വട്ടേഷൻ ദിലീപ് ഒറ്റയ്ക്കു നൽകില്ലെന്നു പൊലീസ് കരുതുന്നു. അതുകൊണ്ടു തന്നെ മറ്രെന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒന്നിലധികം പേരുടെ ക്വട്ടേഷൻ സംഭവത്തിലുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
സംഭവത്തെപ്പറ്റി അറിവുണ്ടായിരുന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ നാദിർഷായ്ക്കും ദിലീപിന്റെ മാനേജർ അപ്പുണ്ണിയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അൻവർ സാദത്തിനും മുകേഷിനുമെതിരെ പൊലീസ് കേസുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top